സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ എത്തുന്ന എമ്പുരാൻ. ലൂസിഫർ പ്രേക്ഷകരിൽ ഉണ്ടാക്കിയ ഓളം തന്നെയാണ് ഈ ഒരു ആകാംക്ഷയ്ക്കും കാത്തിരിപ്പിനും കാരണം. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ നിറഞ്ഞാടാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് പുത്തൻ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറക്കാർ. ചിത്രത്തിന്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. 36 കഥാപാത്രങ്ങളെ പതിനെട്ട് ദിവസം കൊണ്ട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തും. ഈ കഥാപാത്രങ്ങൾ ചെയ്ത താരങ്ങളുടെ എക്സ്പീരിയൻസും അപ്ഡേറ്റിൽ ഉണ്ടാകും. ജയ്സ് ജോസ് അവതരിപ്പിക്കുന്ന സേവ്യർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിനോടൊപ്പം നടന്റെ ചിത്രീകരണ അനുഭവങ്ങളും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയ്ക്കൊപ്പമുള്ള കഥാപാത്രമാണ് സേവ്യർ. ഇത് എമ്പുരാൻ എന്ന സിനിമയിലെ 36-ാമത്തെ ക്യാരക്ടർ പോസ്റ്ററാണ്. അടുത്ത ദിവസങ്ങളിൽ അണിയറപ്രവർത്തകർ മറ്റ് ക്യാരക്ടർ പോസ്റ്ററുകളും പുറത്തുവിടും. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രം ആയി എത്തുന്ന എമ്പുരാൻ നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ്.
