ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോമാൻസിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഫൺ പാക്ക്ഡ് സിനിമയാണെന്ന സൂചന നൽകുന്ന ട്രെയിലറിൽ മാത്യു തോമസും പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപും നിറഞ്ഞു നിൽക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് തിയറ്ററുകളിലെത്തുന്നത്.
ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറിൽ മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യു തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും പശ്ചാത്തലത്തിൽ കേൾക്കാം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുന്ന ചിത്രമാണ് ബ്രോമാൻസ്. ഫഹദ് ഫാസിലിനെ നായകനാക്കി ഓടും കുതിര ചാടും കുതിര എന്ന ചിത്രവും ആഷിക് ഉസ്മാൻ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.
