കൊച്ചി: ഇരട്ട നികുതി ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ ഫിലിം ചേംബർ രംഗത്ത്. കെഎസ്എഫ്ഡിസിയുടെ കീഴിലുള്ള തിയേറ്ററുകൾക്ക് ജനുവരി ഒന്നുമുതൽ സിനിമകൾ നൽകില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു. സർക്കാർ ചുങ്കക്കാരനും സിനിമാക്കാർ കളക്ഷൻ ഏജന്റുമായി മാറിയിരിക്കുകയാണെന്നും, സിനിമ മേഖലയ്ക്കായി സർക്കാർ യാതൊരു പിന്തുണയും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.Double taxation: Film Chamber against the government
സർക്കാരുമായി ഇനി സഹകരിക്കാനില്ലെന്ന നിലപാടിലാണ് ഫിലിം ചേംബർ. ഇരട്ട നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ആറുമാസമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ചർച്ച നടത്താമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞെങ്കിലും ഇതുവരെ യോഗം വിളിച്ചില്ലെന്നും അനിൽ തോമസ് പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി കളക്ടറേറ്റിൽ കയറിറങ്ങുകയാണ്. പത്ത് വർഷമായി മന്ത്രിമാർ സിനിമ മേഖലയെ കബളിപ്പിക്കുകയാണ്. സിനിമ മേഖലയ്ക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഈ വർഷം പുറത്തിറങ്ങിയ 184 സിനിമകളിൽ പത്ത് സിനിമകൾ പോലും ലാഭത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പണിമുടക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾക്കും സാധ്യതയുണ്ടെന്ന സൂചനയും ഫിലിം ചേംബർ നൽകി.
