മുംബൈ: ഗായകനും നടനുമായ റിഷഭ് ടണ്ടൻ (32) ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിൽ അന്തരിച്ചു. മരണം സാമൂഹ്യമാധ്യമങ്ങളിലൂടെ അടുത്ത സുഹൃത്താണ് സ്ഥിരീകരിച്ചത്. ദീപാവലി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ഡൽഹിയിലെത്തിയ റിഷഭ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.Renowned singer and actor Rishabh Tandon passes away
മുംബൈയിലാണ് ഭാര്യയോടൊപ്പം അദ്ദേഹം താമസിച്ചിരുന്നത്. സംഗീതലോകത്ത് ഫക്കീ എന്ന പേരിലാണ് റിഷഭ് ടണ്ടൻ അറിയപ്പെട്ടിരുന്നത്. ഗായകനായും നടനായും സംഗീതസംവിധായകനായും മികവ് തെളിയിച്ച അദ്ദേഹം സുഫി സംഗീതവും ആധുനിക ഹിന്ദി ശൈലിയുമെല്ലാം സംയോജിപ്പിച്ച് നിരവധി ഹിറ്റുകൾ സൃഷ്ടിച്ചു.
റിഷഭിന്റെ ‘ഇഷ്ഖ് ഫഖിരാന’ എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. ‘യേ ആഷിഖി’, ‘ചന്ദ് തു’, ‘ധു ധു കാർ കേ’, ‘ഫക്കീർ കി സുബാനി’ എന്നീ ഗാനങ്ങളും റിഷഭിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്. ആദ്യ ആൽബമായ ‘ഫിർ സേ വാഹി’യിലെ ‘ഫിർ സേ വഹി സിന്ദഗി’, ‘കൈസി ഹേ യേ ദൂരിയാൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റഷ്യൻ പൗരയായ ഒലെസ്യ നെഡോബെഗോവയാണ് റിഷഭിന്റെ ഭാര്യ. ഉസ്ബെക്കിസ്താനിൽ ഒരു ഡിജിറ്റൽ സീരീസിന്റെ ചിത്രീകരണത്തിനിടെ ഇരുവരും പരിചയപ്പെട്ടതാണ്. ഭാര്യ ഒലസ്യയോടൊപ്പം വലിയ ആഘോഷത്തോടെയായിരുന്നു അദ്ദേഹം കഴിഞ്ഞയാഴ്ച ജന്മദിനം ആഘോഷിച്ചത്. സംഗീതലോകവും ആരാധകരും അദ്ദേഹത്തിന്റെ വിടവാങ്ങലിൽ ഏറെ ദുഃഖത്തിലാണ്.
