
ചലച്ചിത്ര സംവിധായകൻ കെ. മധു കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാനായി ചുമതലയേറ്റു. ചെയർമാനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ പ്രതികരിച്ച അദ്ദേഹം, “വലിയ ഉത്തരവാദിത്വമാണ് ഈ സ്ഥാനത്തോടൊപ്പം വന്നത്. സർക്കാരും സാംസ്കാരിക വകുപ്പും ചേര്‍ന്നാലോചിച്ച് ഞാൻ ഈ ചുമതല കര്‍മ്മനിരതമായി നിർവഹിക്കും,” എന്ന് വ്യക്തമാക്കി.Director K Madhu takes charge as KSFDC chairman
സിനിമ കോൺക്ലേവ് യഥാർത്ഥത്തിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് മികച്ച രീതിയിൽ മുന്നോട്ട് നയിക്കുമെന്നും കെ. മധു പറഞ്ഞു. “എല്ലാ സിനിമാ സംഘടനകളും സർക്കാരിനെയും കോൺക്ലേവിനെയും പിന്തുണക്കുന്നു. അതിന്റെ ശക്തിയോടെയാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഭാവിയെ കുറിച്ചും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. “ചിത്രാഞ്ജലിയിൽ നല്ല രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. അത് മനോഹരമാക്കേണ്ട ഉത്തരവാദിത്വം ഇപ്പോൾ എന്റെതാണ്. ചിത്രാഞ്ജലിയുമായി എനിക്ക് വലിയ വികാരബന്ധമുണ്ട്. അതിന്റെ നവീകരണത്തിനായി സംസ്കാരമന്ത്രിയുമായി ചർച്ചകൾ നടത്തും,” എന്നും കെ. മധു പറഞ്ഞു.
റജപുത്ര രഞ്ജിത്ത്, ജി. സുരേഷ് കുമാർ എന്നിവരുള്‍പ്പെടെ നിരവധി ചലച്ചിത്രപ്രമുഖര് കെ. മധുവിന് അഭിനന്ദനങ്ങള്‍ നേർന്ന് ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഒഴിവിലാണ് കെ. മധുവിനെ ചെയർമാനായി നിയമിച്ചത്. മുമ്പ് കെ.എസ്.എഫ്.ഡി.സി ബോര്‍ഡ് അംഗമായിരുന്ന അദ്ദേഹം, 1986ല്‍ പുറത്തിറങ്ങിയ മലരും കിളിയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി തുടക്കം കുറിച്ചത്. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയ 25-ലേറെ പ്രശസ്ത ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.