
കൊച്ചി: സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യത്തിനെതിരായ കേസിൽ സെൻസർ ബോർഡ് നിലപാട് മയപ്പെടുത്തി . ചിത്രത്തിൽ ‘ജാനകി’ എന്ന പേര് മാറ്റേണ്ടതില്ലെന്നും ആദ്യം നിർദ്ദേശിച്ചിരുന്ന 96 കട്ട് ആവശ്യമില്ലെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡ് കോടതിയിൽ അറിയിച്ചത്.’Janaki’ movie controversy: Censor Board softens stance on the case
കേസിൽ വിശദമായ വാദം ഇന്ന് ഉച്ചയ്ക്ക് നടക്കും. ജസ്റ്റിസ് എൻ. നാഗരേഷ് അധ്യക്ഷത വഹിക്കും. അതേസമയം, കോടതിയിലെ ക്രോസ് വിസ്താരത്തിനിടെ ‘ജാനകി’ എന്ന പേര് ഒഴിവാക്കണമെന്ന നിലപാടിലാണ് സെൻസർ ബോർഡ്. അതുവഴി ആ സീനിൽ പേര് മ്യൂട്ട് ചെയ്യാനും, സബ്ടൈറ്റിലിൽ നിന്നും മാറ്റാനും നിർദ്ദേശമുണ്ട്.
ചിത്രത്തിന്റെ പേരിൽ ചെറിയൊരു മാറ്റം വരുത്തി “ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള”, “വി. ജാനകി” അല്ലെങ്കിൽ “ജാനകി വി” എന്ന രീതിയിലാക്കുന്നത് മതിയാകുമെന്ന് ബോർഡ് അഭിപ്രായപ്പെട്ടു. കഥാപാത്രത്തിന്റെ ഇനീഷ്യൽ ചേർക്കുന്നതിനും നിർദേശം നൽകി. ഈ മാറ്റങ്ങൾ സ്വീകരിക്കുന്ന പക്ഷം പ്രദർശനാനുമതി നൽകാൻ ബോർഡ് തയ്യാറാണ്.
ബോർഡിന്റെ ഈ നിർദേശത്തെ കുറിച്ച് ചിത്ര നിർമ്മാതാക്കളുടെ നിലപാട് കോടതി തേടിയിട്ടുണ്ട്. നേരത്തെ ജസ്റ്റിസ് നാഗരേഷും കോടതിയിലെ മറ്റു പ്രതിനിധികളും കാക്കനാട്ടെ സ്റ്റുഡിയോയിൽ എത്തി സിനിമ നേരിട്ട് കണ്ടിരുന്നു.
നിർമാതാക്കളുടെ വാദംപ്രകാരം ജൂൺ 12ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ചിത്രത്തിലെ പേര് ‘ജാനകി’ ആയതിനാലാണ് അനുമതി തടഞ്ഞതെന്നാണ് ബോർഡിന്റെ അനൗദ്യോഗിക നിലപാട്, ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, ചിത്രത്തിന്റെ ടീസറിന് ഇതേ പേരിൽ മുമ്പ് അനുമതി നൽകിയിരുന്നു.
സിനിമയിൽ അപകീർത്തികരമായതോ വംശീയമായ അധിക്ഷേപം ഉള്ളതോ ഒന്നുമില്ലെന്ന് ഹർജിക്കാർ വാദിച്ചു, അതിന്റെ അടിസ്ഥാനത്തിലാണ് കോടതി നേരിട്ട് സിനിമ കണ്ടത്.
സിനിമാ സംഘടനകളായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവ സെൻസർ ബോർഡിന്റെ നടപടിയെ എതിര്ത്തുകൊണ്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ബോർഡിന്റെ ഇടപെടൽ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അവർ ആരോപിക്കുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോടാണ് വിശദീകരണം തേടിയിരിക്കുന്നതും നിവേദനം സമർപ്പിച്ചതും.
സെൻസർ ബോർഡിന്റെ കടന്നാക്രമണം അംഗീകരിക്കാൻ കഴിയില്ല എന്നതാണ് സിനിമാ സംഘടനകളുടെ ആവർത്തിച്ചുള്ള നിലപാട്.