ബോളിവുഡ് നടി ആലിയ ഭട്ടില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയ കേസില്‍ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി (32) പിടിയിലായി. ജുഹു പൊലീസ് ബെംഗളൂരുവിലാണ് അവളെ അറസ്റ്റ് ചെയ്തത്.Former personal assistant arrested for defrauding Alia Bhatt of Rs 77 lakh
ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈനും, താരത്തിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളും വഴി പ്രതി തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. 2022 മെയ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ തട്ടിപ്പ് നടന്നത്.
വ്യാജ ബില്ലുകള്‍ സൃഷ്ടിച്ച് ആലിയയുടെ ഒപ്പ് വാങ്ങിയ ശേഷമാണ് പണം കൈപ്പറ്റിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രൊഫഷണല്‍ ടൂളുകള്‍ ഉപയോഗിച്ച് യഥാര്‍ഥമെന്ന് തോന്നുന്ന വിധത്തിലുള്ള ബില്ലുകള്‍ തയ്യാറാക്കിയിരുന്നു. പിന്നീട് പണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റി അവിടെ നിന്നു സ്വന്തം അക്കൗണ്ടിലേക്ക് എത്തിക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനുവരി 29നാണ് ജുഹു പൊലീസ് പരാതി സ്വീകരിച്ചത്.
