കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.Manjummal Boys case: Police not to grant anticipatory bail
മുൻകൂർ ജാമ്യാപേക്ഷയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസിന്റെ നിലപാട്. പ്രതികൾക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ വ്യക്തമായ തെളിവുകളുണ്ടെന്നും, സിനിമയുടെ ലാഭവും ചെലവുകളും സംബന്ധിച്ച വിശദാംശങ്ങൾ അറിയുന്നതിനായി കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്നും പൊലീസ് വ്യക്തമാക്കി.
അരൂർ സ്വദേശിയുടെ പരാതിയിലാണ് മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനോടകം ഈഡിയും സൗബിനെ ചോദ്യം ചെയ്തിരുന്നു. പ്രതികൾ കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും, ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് കള്ളമായി പറഞ്ഞു തട്ടിപ്പിന് തുടക്കമിട്ടതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
“സിനിമയ്ക്ക് 18.65 കോടി രൂപ മാത്രമാണ് ചിലവായത്, എന്നാൽ 22 കോടി രൂപയായെന്ന് കള്ളവാദം ഉന്നയിച്ചു,” എന്നതാണ് അന്വേഷണത്തിൽ നിന്നുള്ള പ്രധാന കണ്ടെത്തൽ. ചിത്രത്തിനായി വാങ്ങിയ പണത്തിന്റെ ഭാഗം പോലും പരാതിക്കാരന് തിരികെ നൽകിയിട്ടില്ലെന്നും പരാതിയിലുണ്ട്.
ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
