കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടിസ് നൽകി. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് താരത്തിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സൗബിനു പുറമേ നിർമാതാക്കളായ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും പൊലീസ് നോട്ടിസയച്ചിട്ടുണ്ട്. അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിൻറെ പരാതിയിലാണ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്നാണ് സിറാജ് വലിയതറ ഹമീദിൻറെ പരാതി.
സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നായിരുന്നു സിറാജിൻറെ പരാതി. തുടർന്ന് ഇതിൽ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയത്.
2022 നവംബർ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോൺ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലും നൽകി. ഇതിനൊപ്പം 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപ്പറ്റിയെന്നും സിറാജ് മൊഴി നൽകിയിരുന്നു. കരാർ പ്രകാരം പരാതിക്കാരനു 40 കോടി രൂപയുടെ അർഹതയുണ്ടെന്നും അതു നൽകിയില്ലെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കാനാവില്ലെന്നും കേസിൽ അന്വേഷണം തുടരാമെന്നുമായിരുന്നു ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്.
