ടൊവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രമാണ് നരിവേട്ട. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ്. ഇപ്പോഴിതാ അണിയറപ്രവർത്തകർ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ്.
മെയ് 23ന് തിയേറ്ററിൽ എത്തിയ സിനിമയുടെ തെലുങ്ക് റിലീസ് നാളെയാണ്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവയ്ക്കുന്നത്. ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടനീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങൾ.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
