മോഹൻലാല്‍ നായകനായി എത്തിയ ചിത്രമാണ് തുടരും. ഇപ്പോൾ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ് ചിത്രം. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. എന്നാല്‍ പല സംവിധായകരും ആ കഥയിലൂടെ കടന്നുപോയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രജപുത്ര രഞ്ജിത്ത്.
‘കെ ആര് സുനിലിന്റെ സുഹൃത്തായ ഗോകുല്‍ ദാസ് സംവിധാനം ചെയ്യുന്ന രീതിയിലായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ മോഹൻലാലെന്ന നടനെവെച്ച് ഈ സിനിമ ചെയ്യാൻ ധൈര്യമില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു. മലയാളത്തിലെ പ്രശസ്തരായ പല സംവിധായകരും, ഹിറ്റ് മേക്കേഴ്സ് വന്നു പോയി. അവരില്‍ പലര്‍ക്കും പല കാര്യങ്ങളുമായി പൊരുത്തപ്പെടാൻ പറ്റിയില്ല. കഥയിലെ ചില മാറ്റങ്ങള്‍ നമുക്കും ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. ചില ഇമോഷൻ എന്റെ മനസില്‍ ആദ്യം കയറിക്കൂടിയതാണ്. അത് ഒഴിവാക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നീടാണ് തരുണിനെ ഞങ്ങള്‍ സമീപിക്കുന്നത്. ചേട്ടാ ഇതിനകത്ത് ഒരു കഥയുണ്ട്, ഇത് നമുക്ക് ഒക്കെയാണ് എന്ന് തരുണ്‍ പറഞ്ഞു. പിന്നീട് തരുണും കെ ആര് സുനിലും ചര്‍ച്ച ചെയ്താണ് ഇന്ന് കാണുന്ന തുടരും എന്ന സിനിമ ഉണ്ടായത്’, ജപുത്ര രഞ്ജിത്ത് പറഞ്ഞു.
കെ ആര് സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ശോഭനയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫര്ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രം ആഗോള കളക്ഷനിൽ 100 കോടി പിന്നിട്ടെന്ന വിവരം കഴിഞ്ഞ ദിവസം നിർമാതാക്കൾ പങ്കുവെച്ചിരുന്നു. മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘എമ്പുരാനും’ ഹോട്ട്സ്റ്റാറായിരുന്നു സ്ട്രീമിങ് ചെയ്തിരുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ ‘എമ്പുരാൻ’ വൻ തുകക്കാണ് ജിയോ ഹോട്ട്സ്റ്റാർ ഒടിടി റൈറ്റ്സ് നേടിയത്.
