ബോക്സ് ഓഫീസില്‍ അത്ഭുതം പ്രവര്‍ത്തിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി എത്തിയിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രമാണ് അത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ഞായറാഴ്ചത്തെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 17.18 കോടി നേടിയ ചിത്രമാണ് തുടരും. ഇതില്‍ കേരളത്തില്‍ നിന്ന് 5 കോടി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് ഏറ്റവും കൗതുകം. റെസ്റ്റ് ഓഫ് ഇന്ത്യ ഒരു കോടിയും ബാക്കി കളക്ഷന്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 17.18 കോടി നേടിയ ചിത്രം രണ്ടാം ദിനം 25.22 കോടിയാണ് നേടിയത്. ഞായറാഴ്ചയും ആ നേട്ടം തുടര്‍ന്നു. ഞായറാഴ്ച കേരളത്തില്‍ നിന്ന് വലിയ നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്.
കേരളത്തിലെ തിയറ്ററുകളില്‍ 95 ശതമാനത്തിനടുത്ത് ഒക്കുപ്പന്‍സി ഇന്നലെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഞായറാഴ്ച നേടിയിരിക്കുന്നത് ആദ്യ കണക്കുകള്‍ പ്രകാരം 24.6 കോടിയാണ്. അതായത് മൂന്ന് ദിവസത്തെ വാരാന്ത്യം ചേര്‍ത്ത് ചിത്രത്തിന്റെ കളക്ഷന്‍ 67 കോടിയാണ്.
വൻ തുകയ്ക്കാണ് ഹോട്സ്റ്റാര് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തുടരും ചിത്രത്തിന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നത്. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള് പറയുന്നതു പോലെയാകും. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനോ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
