ഷൈൻ ടോം ചാക്കോയ്ക്കെതിരെ താരസംഘടനയായ ‘അമ്മ’ നടപടിക്ക് ഒരുങ്ങുന്നു. വിൻസിയുടെ പരാതിയിൽ തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഷൈൻ തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.
കഴിഞ്ഞ ദിവസം ‘അമ്മ’ സംഘടന നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിൻസിയുടെ പരാതിയിന്മേൽ നോട്ടീസ് നൽകാനാണ് തീരുമാനം. വിൻസിയുടെ പരാതിയിൽ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്.
ഷൈനിനെതിരായ നടപടി ചർച്ച ചെയ്യാൻ തിങ്കളാഴ്ചയാണ് ഫിലിം ചേംബർ യോഗം ചേരുന്നത്. ഷൈനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം. ഷൈന്‍ ടോം ചാക്കോ തമിഴ്നാട്ടിലാണെന്നാണ് വിവരം. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. നടന് മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനാണ് നീക്കം. ഷൈനിനെ രക്ഷപ്പെടാന്‍ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
