
കൊച്ചി: ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതിൽ നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എടുക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ല എന്നും പ്രൊഡ്യൂസഴസ് അസോസിയേഷൻ വ്യക്തമാക്കി.
ഷൈൻ ടോം ചാക്കോക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറഞ്ഞു. പരാതി നൽകാൻ വിൻസിക്ക് ഭയമായിരുന്നുവെന്നും ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് പരാതി നൽകിയതെന്നും സജി നന്ത്യാട്ട് പറഞ്ഞു. ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനം നടത്തുന്നവരെ അംഗീകരിക്കാൻ കഴിയില്ല. വെറുമൊരു താക്കീത് നടപടി ആകില്ല ഉണ്ടാവുക. സിനിമാ സെറ്റുകളിൽ കയറി പരിശോധന നടത്താൻ പൊലീസ് തയ്യാറാകാണാമെന്നും സജി വ്യക്തമാക്കി.
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ നടൻ ഷൈൻ ടോം ചാക്കോയെ പുറത്താക്കാനൊരുങ്ങി താര സംഘടന അമ്മ. വിഷയത്തിൽ സംഘടന അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്.