
ഹാരി റൈറ്റ്സ്
ഏത് പ്രഭാതത്തേയും ഊര്‍ജ്വസ്വലമാക്കാന്‍ തക്ക ശേഷിയുള്ളതാണ് എം എസ് സുബ്ബലക്ഷ്മി ആലപിച്ച ശ്രീവെങ്കടേശ്വരസുപ്രഭാതം. ആരായിരുന്നു എം എസ് സുബ്ബലക്ഷ്മി? എം എസ് സുബ്ബലക്ഷ്മി സംഗീതലോകത്ത് സൃഷ്ടിച്ച വിപ്ളവം എന്തായിരുന്നു? എം എസ് സുബ്ബലക്ഷ്മിയുടെ വ്യക്തി ജീവിതം സംഘര്ഷഭരിതമായതെങ്ങനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നത് അതീവ ദുഷ്കരമാണ്. പക്ഷേ ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാതിരിക്കുന്നത് എം എസ് സുബ്ബലക്ഷ്മിയോട് ചെയ്യുന്ന ചരിത്രപരമായ നീതികേടുമാണ്.
ഓംകൗസല്യസുപ്രജ രാമ പൂര്‍വ സന്ധ്യ പ്രവര്‍ദ്ധതേ
ഉത്തിഷ്ഠ നരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമഹ്നികം
ഉത്തിഷ്ഠ ഉത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡാധ്വജ
ഉത്തിഷ്ഠ കമലാകാന്താ ത്രൈലോക്യം മംഗളം കുരു
ഇങ്ങനെ ആരംഭിക്കുന്ന എം എസ് സുബ്ബലക്ഷ്മി ആലപിച്ച വെങ്കടേശ്വര സുപ്രഭാതത്തിന്റെ ദൈര്‍ഘ്യം ഇരുപത് മിനിട്ടും ഇരുപത്തിനാല് സെക്കന്റുമാണ്. തിരുപ്പതി ശ്രീവെങ്കടേശ്വരമൂര്ത്തിയുടെ ഉണര്‍ത്തുപാട്ടാണ് വെങ്കടേശ്വരസുപ്രഭാതം. വെങ്കടേശ്വരന്, അഥവാ വെങ്കിടാചലപതി മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് സങ്കല്പം. വെങ്കടേശ്വര സുപ്രഭാതം രചിച്ചത് 1361 മുതല്‍ 1454 വരെ തിരുപ്പതിയില്‍ ജീവിച്ചിരുന്ന ഹസ്താദ്രിനാഥനാണെന്നും അതല്ല 1361 ല്‍ കാഞ്ചീപുരത്ത് ജനിച്ച പ്രതിവാദി ഭയങ്കരം അണ്ണാങ്കാരാചാര്യരാണെന്നും രണ്ട് വാദഗതികള്‍ ഒരുകാലത്ത് ശക്തപ്പെട്ടിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതോടെ ബാംഗ്ളൂര്‍ സ്വദേശി വെങ്കിടേഷ് പാര്‍ത്ഥസാരഥി വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം നടത്തി പ്രതിവാദി ഭയങ്കരം അണ്ണാങ്കാരാചാര്യരാണ് വെങ്കടേശ്വര സുപ്രഭാതത്തിന്റെ രചയിതാവെന്ന് കണ്ടെത്തി. ഭയങ്കരം അണ്ണാങ്കരാചാര്യരുടെ യഥാര്‍ത്ഥ പേര് ഹസ്തിഗിരിനാഥന് അണ്ണ എന്നാണ്. ഹസ്താദ്രിനാഥനുമായുള്ള പേരിലെ ഈ സാമ്യവും ഇരുവരും ജനിച്ചത് ഒരേ വര്‍ഷമാണ് എന്നതുമാകാം ആശയക്കുഴപ്പത്തിന് കാരണമായത്. എന്ത് തന്നെയായാലും വെങ്കിടേഷ് പാര്‍ത്ഥസാരഥിയുടെ ഗവേഷണഫലം പുറത്തുവന്നതോടെ വെങ്കിടേശ്വരസുപ്രഭാതത്തിന്റെ രചയിതാവിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങി.

തമിഴ് നാട്ടിലെ പ്രസിദ്ധ വൈഷ്ണവാചാര്യന്‍ വേദാന്തദേശിഗന്റെ മകനാണ് ഹസ്തിഗിരിനാഥന് അണ്ണ. നയനവദനാചാര്യര് എന്ന വൈഷ്ണവ പണ്ഡിതന്റെ കീഴില്‍ വേദാന്തം അഭ്യസിപ്പിക്കാന്‍ വേദാന്തദേശിഗന് മകനെ ചേര്‍ത്തു. ഹസ്തിരിഗിരിനാഥഅണ്ണയുടെ പാണ്ഡിത്യത്തില്‍ സംതൃപ്തനായ നയനവദനാചാര്യരാണ് അദ്ദേഹത്തിന് പ്രതിവാദി ഭയങ്കരം അണ്ണാങ്കാചാര്യര് എന്ന പേര് നല്‍കിയത്. ഭയങ്കരം അണ്ണ, പി ബി അണ്ണ എന്നീ ചുരുക്കപ്പേരുകളില്‍ പില്ക്കാലത്ത് അദ്ദേഹം അറിയപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നയനവദനാചാര്യരുടെ ശിഷ്യത്വം ഉപേക്ഷിച്ച ഭയങ്കരം അണ്ണ, തിരുമല തിരുപ്പതി ശ്രീവെങ്കടേശ്വര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് ശ്രീരംഗത്തുള്ള വൈഷ്ണാവാചാര്യന് അളഗിയ മണവാളമാമുനിയുടെ ശിഷ്യനായി. അളഗിയ മണവാളമാമുനി അദ്ദേഹത്തിന് വൈഷ്ണവദാസന് എന്ന പേര് നല്കി. ഈ കാലഘട്ടത്തില്‍ ശ്രീവെങ്കടേശ്വരന്റെ സമ്പൂര്‍ണ്ണ ഭക്തനായി ഭയങ്കരം അണ്ണമാറിക്കഴിഞ്ഞിരുന്നു. സംസ്കൃതത്തിലും തമിഴിലും അഗാധപാണ്ഡിത്യം നേടിയ ഭയങ്കരം അണ്ണ 1420 നും 1430 നും ഇടയിലാണ് ശ്രീവെങ്കടേശ്വര സുപ്രഭാതം രചിച്ചതെന്ന് കരുതപ്പെടുന്നു.
വാത്മീകിരാമായണത്തിലെ ബാലകാണ്ഡത്തില്‍ വിശ്വാമിത്രന് ശ്രീരാമനെ പുലര്‍ച്ചെ വിളിച്ചുണര്‍ത്തുന്ന സന്ദര്‍ഭത്തെ അടിസ്ഥാനമാക്കിയാണ് ഭയങ്കരം അണ്ണ വെങ്കടേശ്വരസുപ്രഭാതം രചിച്ചത്. സുപ്രഭാതം എന്ന സംസ്കൃതവാക്കിന്റെ മലയാള അര്‍ത്ഥം ശുഭകരമായ പുലര്‍കാലം എന്നാണ്.
ആകെ എഴുപത് ശ്ളോകങ്ങളാണ് വെങ്കടേശ്വരസുപ്രഭാതത്തിലുള്ളത്. ഈ ശ്ളോകങ്ങളെ നാലായി വിഭജിച്ചിരിക്കുന്നു. കൗസല്യാ സുപ്രജാ എന്ന് തുടങ്ങുന്ന ആദ്യഭാഗത്തില്‍ ഇരുപത്തിയൊന്‍പത് ശ്ളോകങ്ങളാണുള്ളത്. പള്ളിയുണര്‍ത്തല്‍ എന്നാണ് ഒന്നാം ഭാഗം അറിയപ്പെടുന്നത്. വെങ്കിടാചലപതിയെ പുലര്‍ച്ചെ പാടി ഉണര്‍ത്തും വിധമാണ് പള്ളിയുണര്ത്തലിലെ ശ്ളോകങ്ങള്‍. കമലാകുചചൂചുക കുങ്കുമതോ എന്ന് തുടങ്ങുന്ന പതിനൊന്ന് ശ്ളോകങ്ങള്‍ അടങ്ങിയതാണ് രണ്ടാം ഭാഗം. സ്തുതി എന്നറിയപ്പെടുന്ന രണ്ടാം ഭാഗത്തിലെ ശ്ളോകങ്ങള്‍ ഭഗവാനെ സ്തുതിക്കുന്നവയാണ്. പ്രപ്പട്ടി എന്നാണ് മൂന്നാംഭാഗത്തിന്റെ പേര്. ഈശാനാം ജഗതോസ്യവെങ്കടപതേ ശരണം എന്ന ശ്ളോകത്തിലാണ് പ്രപ്പട്ടി ആരംഭിക്കുന്നത്. ഈശ്വരന് മുന്നിലെ ഭക്തിപൂര്‍വമുള്ള കീഴടങ്ങലാണ് പ്രപ്പട്ടിയിലെ പ്രതിപാദ്യം. പതിനാറ് ശ്ളോകങ്ങളാണ് പ്രപ്പട്ടിയിലുള്ളത്. ശ്രീകാന്തായ കല്യാണനിഥയോ എന്നാരംഭിക്കുന്ന അവസാനത്തേയും നാലാമത്തേതുമായ ഭാഗത്തിന് മംഗളശാസനം എന്നാണ് പേര്. ഭഗവാനെ മംഗളം പാടിസ്തുതിക്കുന്ന വിധമാണ് മംഗളശാസനത്തിലെ ശ്ളോകങ്ങള്‍. ശ്രീവെങ്കടേശ നിവാസായ ശ്രീനിവാസായ മംഗളം എന്നാരംഭിക്കുന്നതാണ് ഈഭാഗത്തെ ശ്ളോകങ്ങള്‍.

വസന്തതിലകം വൃത്തത്തിലാണ് ശ്രീവെങ്കടേശ്വര സുപ്രഭാതം എഴുതിയിരിക്കുന്നത്. രചയിതാവായ പ്രതിവാദി ഭയങ്കരം അണ്ണാങ്കാരാചാര്യര് തന്നെയാണ് വെങ്കടേശ്വരസുപ്രഭാതത്തിന് സംഗീതം നല്കിയിരിക്കുന്നതും. തലമുറകളായി പാടി കൈമാറി വന്ന വെങ്കടേശ്വര സുപ്രഭാതം ഇന്നത്തെ രീതിയില്‍ കേള്‍ക്കാന്‍ കാരണം സംഗീതത്തിന്റെ സ്ത്രീരൂപം എന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സുബ്ബലക്ഷ്മിയാണ്. 1958 ല്‍ തിരുപ്പതിക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ഉത്സവത്തോട് അനുബന്ധിച്ച് എം എസ് സുബ്ബലക്ഷ്മി ആലപിച്ച വെങ്കടേശ്വര സുപ്രഭാതം ആകാശവാണി സംപ്രേക്ഷണം ചെയ്തു. വെങ്കടേശ്വര സുപ്രഭാതം ജനകീയമാകുന്നതിന്റെ തുടക്കമായിരുന്നു അത്.
1962 ല്‍ സംഗീതജ്ഞനായ വിവി അനന്തനാരായണന്‍ വെങ്കിടേശ്വരസുപ്രഭാതം ആലപിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. കാരണം ആകാശവാണിയിലൂടെ കേട്ട എം എസ് സുബ്ബലക്ഷ്മിയുടെ വെങ്കടേശ്വരസുപ്രഭാതം അതിനകം തന്നെ വന്‍ ജനപ്രീതി നേടിയിരുന്നു. 1962 ല്‍ എം എസ് സുബ്ബലക്ഷ്മി പത്ത് ഇന്ത്യന്‍ ഭാഷകളിലായി പത്ത് ഭക്തിഗാനങ്ങള്‍ അടങ്ങിയ റെക്കോഡ് പുറത്തിറക്കി. അതിലൊന്ന് വെങ്കടേശ്വരസുപ്രഭാതമായിരുന്നു. എന്നാല്‍ 1963 ല്‍ വെങ്കടേശ്വര സുപ്രഭാതം മാത്രമായി സുബ്ബലക്ഷ്മി പാടിയ റെക്കോര്‍ഡ്, ഗ്രാമഫോണ്‍ മ്യൂസിക് കമ്പനി പുറത്തിറക്കി. അതോടെ വെങ്കടേശ്വരസുപ്രഭാതത്തിന്റെ ജനപ്രിയത ഇന്ത്യയും കടന്ന് ലോകമാകെ വ്യാപിച്ചു. കെട്ടുകഥകളെ വെല്ലുന്ന ജീവിതമായിരുന്നു എം എസ് സുബ്ബലക്ഷ്മിയുടേത് . . .
( തുടരും)