ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും നടന്നു. വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രില്‍ 10-നാണ് തീയേറ്ററുകളിലെത്തുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്.
നടന് സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന് ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. കൂടാതെ മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിങ്ങിന് ലഭിക്കുന്നത്.
രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസില്‍ ജോസഫിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ബേസില്‍ ജോസഫിന്റെ ട്രേഡ് മാര്‍ക്ക് കോമഡി ഘടകങ്ങള്‍ അടങ്ങിയ സിനിമ തന്നെയാകും ‘മരണമാസ്സ്’ എന്ന സൂചനയോടെയാണ് സസ്പെന്‍സും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്.
