എമ്പുരാൻ’ സിനിമ ഉണ്ടാക്കിയ വിവാദങ്ങൾ ഇനിയും തീർന്നിട്ടില്ല. സിനിമയ്ക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ, നിർമാതാക്കൾ തന്നെ സിനിമയിലെ ചില ഭാഗങ്ങൾ വെട്ടിമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് റീ-എഡിറ്റ് ചെയ്ത സിനിമ തിയേറ്ററിലെത്തിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വെട്ടിമാറ്റലുകൾക്ക് വിധേയമായി പുറത്തിറങ്ങിയ ചില സിനിമകളും, സെൻസർ ബോർഡുമായുള്ള പോരാട്ടത്തിൽ ഇന്നും റിലീസാവാത്ത ചില സിനിമകളും ഉണ്ട്.
സെൻസർ ബോർഡിന്റെ നിബന്ധനകളിൽ ഏറ്റവും കൂടുതൽ കുടുങ്ങിയത് അനുരാഗ് കശ്യപിന്റെ സിനിമകളാണ്. പാഞ്ച്, ഉഡ്താ പഞ്ചാബ്, ബോംബെ വെൽവെറ്റ് എന്നീ സിനിമകൾ അവയിൽ ഉൾപ്പെടും. അനുരാഗ് കശ്യപ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘പാഞ്ച്’. എന്നാൽ, 2003-ൽ പൂർത്തിയാക്കിയ ആ ക്രൈം ത്രില്ലർ ഇതുവരെ റിലീസായിട്ടില്ല.
1976-ലെ കുപ്രസിദ്ധമായ ജോഷി-അഭ്യങ്കർ കൂട്ടക്കൊലപാതകങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നു ഇത്. നാല് സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു സുഹൃത്തിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിക്കുന്നതും അയാൾ കൊല്ലപ്പെടുന്നതും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥ. കെ.കെ.മേനോൻ, ആദിത്യ ശ്രീവാസ്തവ, തേജസ്വിനി കോലാപുരി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
