തിരുവനന്തപുരം: ബി.എഡ്. കോഴ്സുകള്‍ക്ക് ചേരുന്നവര്‍ ഇനി ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി അധ്യാപകകോഴ്സുകള്‍ പരിഷ്കരിച്ചുള്ള കരട് മാര്‍ഗരേഖയിലാണ് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍.സി.ടി.ഇ.) ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുതരം ബി.എഡ്. കോഴ്സുകള്‍ക്കാണ് നിര്‍ദേശം. ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്കായി നാലുവര്‍ഷ ബി.എഡ്., ഡിഗ്രി കഴിഞ്ഞവര്‍ക്കായി രണ്ടുവര്‍ഷ ബി.എഡ്., പി.ജി. പാസായവര്‍ക്കായി ഒരുവര്‍ഷ ബി.എഡ്, എന്നിങ്ങനെയാണ് കോഴ്സുകള്‍.
സ്കൂള്‍വിദ്യാഭ്യാസത്തില്‍ ഗുണനിലവാരമുള്ള അധ്യാപകരുടെ സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കായിരിക്കും ഇതിന്റെ ചുമതല. കേരളത്തില്‍ നിലവിലുള്ള ഡി.എല്‍.എഡ്. പോലുള്ള കോഴ്സുകള്‍ പുതിയ വിജ്ഞാപനത്തിലില്ല. പുതിയ പരിഷ്കാരം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ ഇത്തരം കോഴ്സുകള്‍ അവസാനിപ്പിക്കേണ്ടിവരും. മാതൃകാപാഠ്യപദ്ധതി എന്‍.സി.ടി.ഇ. തയ്യാറാക്കിനല്‍കും. ഇതില്‍ 30 ശതമാനം ഉള്ളടക്കം പ്രാദേശികസാഹചര്യമനുസരിച്ച് മാറ്റംവരുത്താനാവും. നാലുവര്ഷബിരുദവുമായി സംയോജിപ്പിച്ച് ബി.എ.-ബി.എഡ്., ബി.എസ്സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്സുകള്‍. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും.
മൂന്നുവര്‍ഷം നിശ്ചിതവിഷയത്തിലുള്ള പഠനവും നാലാംവര്‍ഷം ‘അധ്യാപകവിദ്യാഭ്യാസ’വും ഉള്‍പ്പെടുത്തിയാണ് ഈ കോഴ്സുകള്‍. കലാ, കായിക വിദ്യാഭ്യാസ കോഴ്സുകള്‍ക്കുപുറമേ, യോഗയ്ക്കും വേറെയും കോഴ്സ് വരും. മൂന്നുവര്‍ഷബിരുദം നേടിയവര്‍ക്ക് രണ്ടുവര്‍ഷ ബി.എഡിന് ചേരാം. ഇതിനായി ഫൗണ്ടേഷന്, പ്രിപ്പറേറ്ററി, മിഡില്‍, സെക്കന്‍ഡറി എന്നീ നാല് വിദ്യാഭ്യാസഘട്ടങ്ങള്ക്കനുസരിച്ചുള്ള കോഴ്സുകളുണ്ടാവും. പി.ജി. പാസായവര്‍ക്ക് ചേരാവുന്നതാണ് ഒരുവര്‍ഷത്തെ ബി.എഡ്. കോഴ്സ്. മറ്റേതെങ്കിലും വിഷയങ്ങളില്‍ നാലുവര്‍ഷബിരുദം നേടിയവര്‍ക്കും ഈ കോഴ്സ് പഠിക്കാം. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള എം.എഡ്. കോഴ്സുകളും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവേശനത്തിനും ദേശീയതല അഭിരുചിപരീക്ഷയുണ്ടാവും. മറ്റേതെങ്കിലും വിഷയത്തില്‍ പി.ജി.ക്ക് പഠിക്കുന്നവര്‍ക്ക് എം.എഡ്. പാര്‍ട്ട് ടൈം ആയി പഠിക്കാനുള്ള കോഴ്സും സര്‍വകലാശാലകളില്‍ നടപ്പാക്കും.
