തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ കുറവുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപക തസ്തികകള്‍ ഒഴിവാക്കാന്‍ നീക്കം. ഇതോടെ, 25 കുട്ടികള്‍ മാത്രമുള്ള സംസ്ഥാനത്തെ നാല്പതോളം സ്കൂളുകളില്‍ സ്ഥിരാധ്യാപകര്‍ ഇല്ലാതാവും. വിവിധ ജില്ലകളിലായി 420 അധ്യാപക തസ്തിക ഒഴിവാക്കാനാണ് ഹയര്‍ സെക്കന്‍ഡറി തസ്തികനിര്‍ണയത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇത് പരിഗണിച്ച് 210 അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പട്ടിക തയ്യാറാക്കി. ഇക്കൂട്ടത്തില്‍ 25 കുട്ടികള്‍ മാത്രം പഠിക്കുന്ന ബാച്ചുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരെയും സ്ഥലംമാറ്റും. കുട്ടികള്‍ കുറവുള്ള ഹയര്‍ സെക്കന്‍ഡറി ബാച്ച് വേണ്ടെന്നു വെക്കാന്‍ തീരുമാനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, അടുത്ത അധ്യയനവര്‍ഷം ഗസ്റ്റ് അധ്യാപകരെവെച്ചുമാത്രമേ ഈ സ്കൂളുകളില്‍ പഠനം തുടരാനാവൂ. 25 കുട്ടികളുള്ള സ്കൂളുകളുടെ തൊട്ടടുത്തുള്ള വിദ്യാലയങ്ങളില്‍ ഒരു ബാച്ചില്‍ 65 കുട്ടികള്‍വരെ പഠിക്കുന്ന സ്ഥിതിയുമുണ്ട്. മതിയായ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ 120 അധ്യാപക തസ്തികകളുടെ ഗ്രേഡ് കുറയ്ക്കാനും ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത് ചട്ടവിരുദ്ധമാണെന്നും തസ്തിക ഇല്ലാതാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കണമെന്നും അധ്യാപക സംഘടനകള്‍ പറയുന്നു.
