
മുംബൈ: ഇന്ത്യയിലെമ്പാടും ലോകോത്തര നിലവാരത്തിലുള്ള വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനായി അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിയും ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനുമായ സണ്ണി വര്‍ക്കിയും കൈകോര്‍ക്കുന്നു. ലോകത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂളുമാണ് ജെംസ് എഡ്യൂക്കേഷന്‍. അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്ക് നേതൃത്വം വഹിക്കുന്ന അദാനി ഫൗണ്ടേഷനാണ് ജെംസ് എഡ്യൂക്കേഷനുമായി സഹകരിക്കുന്നത്.
60 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ജെംസ് എഡ്യുക്കേഷന്‍ ഗള്‍ഫിലും ആഫ്രിക്കയിലുമായി അറുപതിലേറെ വിദ്യാലയങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നുണ്ട്. 1.3 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ജെംസ് എഡ്യുക്കേഷനില്‍ പഠിക്കുന്നത്. അദാനിയുടെ മകന് ജീത് അദാനിയുടെ വിവാഹത്തോടനുബന്ധിച്ച് അദാനി പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമാണ് ജെംസ് എഡ്യുക്കേഷനുമായി ചേര്‍ന്ന് സ്കൂള്‍ നിര്‍മ്മിക്കുന്ന പദ്ധതി. 10,000 കോടി രൂപയില്‍ 2000 കോടി ജെംസ് സ്കൂളിനും 6,000 കോടി രൂപ ആശുപത്രികള്‍ക്കും 2000 കോടി രൂപ സ്കില്‍ ഡെവലപ്മെന്റിനുമാണ് അദാനി ഫൗണ്ടേഷന് വിനിയോഗിക്കുക.
പദ്ധതിയുടെ ഭാഗമായി ആദ്യ സ്കൂള്‍ 2025-26 അക്കാദമിക് വര്‍ഷത്തില്‍ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ആരംഭിക്കുമെന്ന് അദാനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്ന 30 ശതമാനം കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കാനും പദ്ധതിയുണ്ട്.
അടുത്ത 3 വര്‍ഷത്തിനകം ഇന്ത്യയിലെമ്പാടുമായി കിന്ഡര്ഗാര്ട്ടന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 20 വിദ്യാലയങ്ങളെങ്കിലും സിബിഎസ്ഇ സിലബസില്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രധാന മെട്രോ നഗരങ്ങള്‍ക്ക് പുറമെ ചെറു പട്ടണങ്ങളിലും സ്കൂള്‍ തുറക്കും.
സാമൂഹിക ഉത്തരവാദിത്വമുള്ള വരും തലമുറയെ വാര്‍ത്തെടുക്കുകയാണ് അദാനിയുമായി സഹകരിച്ച് സ്കൂള്‍ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെംസ് എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി പറഞ്ഞു.