പാലക്കാട്: വിദ്യാലയങ്ങളിൽ കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ കർമ്മപദ്ധതി നടപ്പാക്കുന്നു. വിദ്യാർത്ഥി പ്രിൻസിപ്പളിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുയർന്ന സ്കൂളിൽ സംസ്ഥാന ബാലവകാശ കമ്മീഷൻ നടത്തിയ സന്ദർശനത്തിലാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായാകും കർമ്മ പദ്ധതി നടപ്പാക്കുക. ആദ്യഘട്ടം മുപ്പതു ദിവസം കൊണ്ട് പൂർത്തിയാക്കണം. അടുത്ത അധ്യയന വർഷത്തേക്കുള്ള ദീർഘകാല പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ശിശു സംരക്ഷണ ഓഫീസറാകും ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുക. സ്കൂളുകളിൽ കുട്ടികൾ വളരെയധികം മാനസിക സമ്മർദം അനുഭവിക്കുകയും മയക്കുമരുന്ന് ലോബികളുടെ ചൂഷണത്തിന് അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കണം. ഇതിന് പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസന വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. കുട്ടിയെ സഹായിക്കുന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പലും മറ്റ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കുശേഷം കമ്മിഷൻ അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പലിന് നേരെയുള്ള ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതിന് കമ്മിഷൻ നടപടി സ്വീകരിക്കും. സ്കൂൾ സന്ദർശന യോഗത്തിൽ കമ്മീഷൻ അധ്യക്ഷൻ കെ വി മോഹൻകുമാർ കമ്മിഷൻ അംഗം കെ.കെ. ഷാജു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത.എം.ജി, പ്രൊട്ടക്ഷൻ ഓഫീസർ പ്രഭുല്ല ദാസ്, സ്കൂൾ പി.റ്റി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
