മലപ്പുറം: എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ശനിയാഴ്ച സ്കൂളുകളില്‍ പ്രസിദ്ധീകരിക്കും. യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്ച സ്കൂളില്‍ വിളിച്ചുവരുത്തി അധ്യാപക രക്ഷാകര്‍ത്തൃയോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഈ കുട്ടികള്‍ക്ക് എട്ടാം തീയതി മുതല്‍ 24 വരെ പ്രത്യേകം ക്ലാസുകള്‍ നല്‍കും.
ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാര്‍ക്ക്. കൂടാതെ മാര്‍ക്ക് കുറവുള്ള വിഷയത്തില്‍ മാത്രമാണ് ഈ ക്ലാസ് നടത്തുക. ടൈംടേബിള്‍ ക്രമീകരിച്ച് ഓരോ വിഷയത്തിലെയും അധ്യാപകര്‍ ക്ലാസ് നല്‍കും. 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് അതതു വിഷയങ്ങളില്‍ വീണ്ടും പരീക്ഷനടത്തും. ഈ പരീക്ഷയുടെ ഫലം 30-ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതാം ക്ലാസിലേക്ക് പ്രവേശിപ്പിക്കാൻ തന്നെയാണ് നിര്‍ദേശം. തുടർന്ന് ഇവര്‍ക്ക് വീണ്ടും രണ്ടാഴ്ച പ്രത്യേകം ക്ലാസുകൾ നല്‍കും. ഒന്‍പതില്‍ നിന്ന് ജയിക്കുമ്പോഴെങ്കിലും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രാഥമികപരിജ്ഞാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
