പുണെ: ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ശക്തമായ ദിശ നൽകിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പൂണെയിൽവെച്ചാണ് അന്തരിച്ചത്. മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പുണെയിലെ നവി പേഠിലുള്ള വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും.
പരിസ്ഥിതി സംരക്ഷണ ചരിത്രത്തിൽ മാധവ് ഗാഡ്ഗിലിന്റെ പേര് അനശ്വരമാകുന്നത് അദ്ദേഹം അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) 2011-ൽ സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ്. പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ശുപാർശയായിരുന്നു റിപ്പോർട്ടിന്റെ പ്രമേയം. അശാസ്ത്രീയ വികസന പ്രവർത്തനങ്ങൾ വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്ന ഗാഡ്ഗിലിന്റെ മുന്നറിയിപ്പ് പിന്നീട് പലപ്പോഴും ചർച്ചയായി. 2024-ൽ കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഈ മുന്നറിയിപ്പുകൾക്ക് വീണ്ടും പ്രാധാന്യം നൽകി.
ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്രജീവിതത്തിൽ സ്വയം ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച ഗാഡ്ഗിൽ, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് വാദിച്ചു. ഈ സംഭാവനകൾ മുൻനിർത്തി 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തു.
1942-ൽ പൂണെയിൽ ജനിച്ച മാധവ് ഗാഡ്ഗിൽ ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. വിദേശത്ത് വലിയ അവസരങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് മടങ്ങി ഗവേഷണത്തിനും സമൂഹത്തിനുമായി പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ജീവിതസഖിയായ പ്രശസ്ത മൺസൂൺ ശാസ്ത്രജ്ഞ സുലോചന ഗാഡ്ഗിലുമായി ചേർന്ന് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
കാടുകളിലും നദികളിലും കടലോരങ്ങളിലും ആദിവാസി മേഖലകളിലുമായി നടത്തിയ ഗവേഷണ യാത്രകൾ അദ്ദേഹത്തിന്റെ ശാസ്ത്രീയ സമീപനത്തിന് മനുഷ്യസ്പർശം നൽകി. അവിടങ്ങളിലെ ജനങ്ങളോടൊപ്പം ജീവിച്ചും അവരുടെ ദുരിതങ്ങൾ നേരിൽ കണ്ടുമാണ് ഗാഡ്ഗിൽ പരിസ്ഥിതി ശാസ്ത്രത്തെ സാമൂഹിക ഉത്തരവാദിത്വവുമായി കൂട്ടിയിണക്കിയത്.
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) 31 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിച്ചു. ഇന്ത്യയുടെ ജൈവവൈവിധ്യ നിയമം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഏഴ് പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. A Walk Up The Hill: Living With People And Nature അദ്ദേഹത്തിന്റെ ആത്മകഥയാണ്. പരിസ്ഥിതി സംരക്ഷണ രംഗത്തെ സമഗ്ര സംഭാവനകൾക്ക് രാജ്യം പദ്മശ്രീയും പദ്മഭൂഷൺയും നൽകി ആദരിച്ചു.
2025 ജൂലൈയിൽ ഭാര്യ സുലോചന ഗാഡ്ഗിൽ അന്തരിച്ചിരുന്നു. മാധ്യമപ്രവർത്തകയും സ്പാനിഷ് അധ്യാപികയുമായ ഗൗരി ഗാഡ്ഗിൽ മകളാണ്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെയും സംസ്കാരത്തെയും ഒരുപോലെ സ്നേഹിച്ച മാധവ് ഗാഡ്ഗിലിന്റെ വിയോഗം ഇന്ത്യയുടെ പരിസ്ഥിതി പോരാട്ടങ്ങൾക്ക് നികത്താനാകാത്ത നഷ്ടമാണ്.
