കോഴിക്കോട് വടകരയിൽ റോഡിൽ കലുങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് വയോധികൻ മരിച്ചു. വടകര വില്യാപ്പിള്ളിയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് ദാരുണമായ സംഭവം നടന്നത്. വില്യാപ്പിള്ളി സ്വദേശിയായ മൂസ (55) ആണ് മരിച്ചത്.Elderly man dies after falling into a hole dug on Kozhikode road
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ സാധനങ്ങൾ വാങ്ങുന്നതിനായി വീട്ടിൽ നിന്നിറങ്ങിയ മൂസ രാത്രി വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 11 മണിയോടെയാണ് കലുങ്ക് നിർമാണത്തിനായി റോഡിൽ എടുത്ത കുഴിയിൽ വീണ നിലയിൽ മൂസയെ കണ്ടെത്തിയത്.
സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. നിർമാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ല. അപകടം സംഭവിച്ചതിന് ശേഷമാണ് റോഡിൽ കലുങ്ക് നിർമിക്കുന്ന കരാറുകാർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
