മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഇതിഹാസ നടൻ ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. Bollywood legend Dharmendra remembered
കഴിഞ്ഞയാഴ്ച ആരോഗ്യനില മോശമായതിനെ തുടർന്ന് ധർമ്മേന്ദ്രയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിലാണെന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തിയെങ്കിലും മകൻ സണ്ണി ഡിയോൾ ഈ വാർത്ത തള്ളിയിരുന്നു. എന്നാൽ, ആരോഗ്യം വീണ്ടും വഷളായതോടെ മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഷാരൂഖ് ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ തുടങ്ങിയ പ്രമുഖരും ധർമേന്ദ്രയെ കാണാൻ എത്തിയിരുന്നു.
നടൻ, നിർമാതാവ്, മുൻ ലോക്സഭാംഗം എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ധർമേന്ദ്ര. 1960-ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരമാക്കി മാറ്റി. 2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് ബിജെപി ടിക്കറ്റിൽ എം.പി.യായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധർമേന്ദ്ര ഒടുവിൽ അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25-ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ആദ്യ ഭാര്യ പ്രകാശ് കൗർ ആണ്.
