പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) ആണ് മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് യുവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.CPM branch secretary commits suicide
ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും പികെഎസ് വില്ലേജ് കമ്മിറ്റി അംഗവുമായ ശിവകുമാറിനെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിൽ സമീപവാസിയാണ് കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെ 19-ാം വാർഡിലെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പ്രവർത്തകരോടൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം ഫോൺ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതെ പോയതോടെയാണ് അന്വേഷണം തുടങ്ങിയത്.
അഞ്ച് വർഷമായി സിപിഐഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു ശിവകുമാർ. വടക്കോട് ഒരു സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയും പത്രവിതരണ സഹായിയായി പ്രവർത്തിക്കയും ചെയ്തിരുന്നു. വിവാഹിതനല്ല. അച്ഛൻ പരേതനായ അപ്പു, അമ്മ പാർവതി. സഹോദരി പരേതയായ അംബിക.
കസബ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.
