
അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താനും, തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും, കൂടുതൽ പേരെ അവയവദാനത്തിനായി പ്രോത്സാഹിപ്പിക്കാനുമുള്ള ദിനമാണിത്.Today, August 13, is World Organ Donation Day.
ജീവിച്ചിരിക്കുമ്പോൾ മറ്റൊരാൾക്ക് ജീവിതം തിരികെ നൽകാൻ കൈ നീട്ടുന്നതും, മരണത്തിനു ശേഷം സ്വന്തം അവയവങ്ങളിലൂടെ പലരുടെ ശരീരങ്ങളിൽ ജീവൻ തുടരുമെന്നുമുള്ള സത്യവും, മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തരമായ കാരുണ്യങ്ങളിലൊന്നാണ്. എന്നാൽ, അവയവദാനത്തെ കുറിച്ചുള്ള ആശങ്കകളും മിഥ്യാധാരണകളും പലർക്കും ഇതിൽ നിന്ന് പിന്മാറാൻ ഇടയാക്കുന്നു.
ആർക്കെല്ലാം അവയവദാനം ചെയ്യാം?
- 18 വയസ്സ് കഴിഞ്ഞ ഏതൊരാളും സമ്മതപത്രത്തിൽ ഒപ്പുവച്ച് അവയവദാനത്തിന് തയ്യാറാകാം.
- ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ പതിനെട്ട് മുതൽ അൻപത്തിയഞ്ച് വയസ്സ് വരെ അവയവദാനം ചെയ്യാവുന്നതാണ്.
- ഒരാൾ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ പരമാവധി 8 പേരുടെ ജീവൻ രക്ഷിക്കാനാകും.
- ഇത് പൂർണ്ണമായും സ്വമനസ്സാലെ മാത്രമേ ചെയ്യാവൂ, ആരുടെയും നിർബന്ധം അനുവദനീയമല്ല.
അവയവദാനത്തിന്റെ രണ്ട് രീതികൾ
- ജീവിച്ചിരിക്കുമ്പോൾ – സാധാരണയായി വൃക്ക അല്ലെങ്കിൽ കരൾ ഭാഗികമായി ദാനം ചെയ്യുന്നത്
- മസ്തിഷ്കമരണം സംഭവിച്ചതിന് ശേഷം – ആരോഗ്യകരമായ അവയവങ്ങൾ മാറ്റിവയ്ക്കുന്നത്
മരണശേഷം, കരൾ, ഹൃദയം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, ഹൃദയവാൽവ്, കോർണിയ, ശ്വാസകോശം, ചെറുകുടൽ, കൈ തുടങ്ങിയ അവയവങ്ങൾ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ദാനം ചെയ്യുക. .മരണപ്പെട്ട വ്യക്തിയുടെ അവയവങ്ങൾ സ്വീകരിക്കണമെങ്കിൽ സ്വീകർത്താവ് സർക്കാർ സംവിധാനമായ കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ
അർബുദം, എച്ച്.ഐ.വി, ഗുരുതര പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് അവയവദാനം സാധ്യമല്ല.
അവയവദാനം, മരണത്തിനുശേഷവും ഒരാളുടെ ജീവിതം മറ്റൊരാളിൽ തുടരുമെന്ന മഹത്തായ മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ്.