
ന്യൂഡല്‍ഹി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ഇന്ത്യയിൽ വിപുലമായ ഒരുക്കങ്ങളോടെയാണ് തുടക്കം. “യോഗ ഭൂമിക്കും ആരോഗ്യത്തിനും” എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന മുഖ്യ പരിപാടിയിൽ മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്തു.International Yoga Day; Yoga for the Earth and Health
ആർകെ ബീച്ചിൽ നിന്നു ഭോഗപുരം വരെയുള്ള 26 കിലോമീറ്ററിലായി ഒരേ സമയം ഇത്തിരി ആളുകൾക്ക് യോഗ ചെയ്യാൻ സൗകര്യം ഒരുക്കിയ ആന്ധ്ര സര്‍ക്കാരിന്റെ ശ്രമം ശ്രദ്ധേയം. ഗിന്നസ് റെക്കോഡിന് ലക്ഷ്യമിട്ടാണ് ഈ വമ്പൻ യോഗ സംഗമം നടത്തിയത്.
“യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു. ലോകം സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത്തരം സാഹചര്യങ്ങളില്‍ ശാന്തിയും അന്തർശക്തിയും നൽകുന്ന മാർഗമാണ് യോഗ. ‘ഞാൻ’ എന്നതിൽ നിന്ന് ‘നാം’ എന്നതിലേക്കുള്ള മാറ്റമാണ് ഭാരത സംസ്കാരത്തിന്റെ അടിത്തറ.”യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു
അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി 2014 സെപ്റ്റംബറില്‍ നിര്ദേശമുയർത്തിയതോടെയാണ് ഈ ആചാരം ആരംഭിച്ചത്. അതിനുശേഷം 2015 മുതൽ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നു.
രാജ്യമാകെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ, സൈന്യം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വയംസേവന സംഘടനകൾ തുടങ്ങി നിരവധി മേഖലകളിൽ വിശാലമായ യോഗ പരിപാടികൾ നടന്നു. ഡൽഹിയിൽ മാത്രം 11 കേന്ദ്രങ്ങളിലായി പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത യോഗ സംഗമങ്ങളാണ് നടന്നത്. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ 20,000ത്തിലധികം ആളുകൾ പങ്കെടുത്തതായി റിപ്പോർട്ട്.
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. യോഗയ്ക്ക് പ്രായപരിധിയുമില്ല, ജാതിയുമില്ല, അതിര്‍ത്തിയുമില്ല. അതിനാൽ തന്നെ ലോകമാകെ പ്രതിദിന ജീവിതത്തിന്റെ ഭാഗമാകുകയാണ് ഈ പാരമ്പര്യ പരിശീലനം. മനസ്സിനും ശരീരത്തിനും സമാധാനവും ഉന്മേഷവും പകരുന്ന ഭാരത സംസ്കാരത്തിന്റെ ആഴവും യോഗയുടെ സുന്ദരമായ സന്ദേശവുമാണ് ഈ ദിനം ലോകമൊട്ടാകെ ശക്തമായി വിളിച്ചുപറഞ്ഞത്.