പത്തനംതിട്ട: മധ്യതിരുവിതാംകൂർ രുചിപ്പെരുമയായ ആറന്മുള വള്ളസദ്യയ്ക്ക് ഭക്തിപൂർവമായ തുടക്കം. ആഗ്രഹ സഫലീകരണത്തിനായി അന്നദാനപ്രഭുവായ പാർത്ഥസാരഥിക്ക് നൽക്കുന്ന വഴിപാടെന്ന വിശ്വാസംപോലെ, ഭക്ഷണത്തിന്റെ മഹാമേളമായ ഈ സദ്യയ്ക്ക് പിന്നിൽ ഐതിഹ്യവും ആചാരപരമായ ഉജ്ജ്വലതയും നിറഞ്ഞിരിക്കുന്നു.Devotional start to Aranmula Vallasadya
ഐതിഹ്യത്തിന്റെ പിന്നിൽ
ഐതിഹ്യപ്രകാരം, ഒരിക്കൽ മഹാവിഷ്ണു ആറു മുളകൊണ്ട് നിർമിച്ച ചങ്ങാടത്തിൽ നാരായണപുരത്തിൽ നിന്ന് പമ്പയിലൂടെ യാത്രചെയ്ത് എത്തിച്ചേർന്നതാണ് ഇപ്പോഴത്തെ ആറന്മുള. ആ സന്ദർശനത്തിന്റെ സ്മരണയായാണ് ഇന്ന് ഈ ആചാരപരമായ വള്ളസദ്യ നടത്തപ്പെടുന്നത്.
ആചാരപരമായ തുടക്കം

ആചാരങ്ങൾക്കനുസരിച്ച് പള്ളിയോട കരയിൽ നിന്ന് അനുമതി നേടി സദ്യയുടെ ഒരുക്കം ആരംഭിക്കും. “ഒരു പറ ദേവനും, ഒരു പറ പള്ളിയോടത്തിനും” എന്നതാണ് വഴിപാടിന്റെ സങ്കൽപ്പം. ഈ ചടങ്ങുകൾ പുരോഹിതന്മാരുടെ ഇടപെടലില്ലാതെ നടക്കുന്നത് ആറന്മുള വള്ളസദ്യയുടെ പ്രത്യേകതയാണ്.
ചടങ്ങുകളുടെ ക്രമം
പമ്പാനദിയിലൂടെ വഞ്ചിപ്പാട്ട് പാടവെ പള്ളിയോടങ്ങൾ ക്ഷേത്രകടവിൽ എത്തുന്നു. അപ്പോഴാണ് വഴിപാടുകാരുടെ ആഭ്യന്തര സ്വീകരണം, ക്ഷേത്രപ്രദക്ഷിണം, കൊടിമരച്ചുവട്ടിലേക്കുള്ള ചര്യകൾ എന്നിവ. പിന്നീട്, വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ വിഭവങ്ങൾ ആവശ്യപ്പെടുകയും വഴിപാടുകാർ ആവിശ്യപ്പെട്ട വിഭവങ്ങൾ എത്തിക്കുകയും ചെയ്യുന്നു. ദക്ഷിണ വാങ്ങി അനുഗ്രഹം നൽകുന്നതോടെ പള്ളിയോടക്കരക്കാർ മടങ്ങുകയും ചടങ്ങുകൾ സമാപിക്കുകയും ചെയ്യുന്നു.
പങ്കാളിത്തവും വൈഭവവും
ഓതറ, ളാക, ഇടയാറൻമുള, തെക്കേമുറി, പൂവത്തൂർപടിഞ്ഞാറ്, കോടിയാട്ടുകര, വെൺപാല എന്നിവയാണ് പങ്കെടുത്ത പ്രധാന ഏഴ് പള്ളിയോടങ്ങൾ. റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 പള്ളിയോട കരകൾക്ക് ഈ മഹാ സദ്യയിൽ പങ്കാളിത്തമുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തുമായി 15 സദ്യാലയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ രണ്ടിന് വള്ളസദ്യ സമാപിക്കും.
44 വിഭവങ്ങളുടെ സദ്യ

44 ഭക്ഷണവിഭവങ്ങളാണ് ഇലയിൽ വിളമ്പുന്നത്. അതിൽ 20 വിഭവങ്ങൾ ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ വിളമ്പിയേയ്ക്കണമെന്നതാണ് ആചാരം. ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, പച്ചടി, കിച്ചടി, നാരങ്ങ, കാളൻ, ഓലൻ, ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, രസം, ഉറത്തൈർ, മോർ, പ്രഥമൻ (നാൽക്കൂട്ടം), ഉപ്പേരി (നാൽക്കൂട്ടം), പഴം, എള്ളുണ്ട, ഉണ്ണിയപ്പം, ശർക്കര, കൽക്കണ്ടം, മെഴുക്കുപുരട്ടി, ചീരത്തോരൻ, തേൻ, തകരത്തോരൻ, നെല്ലിക്ക അച്ചാർ, മടന്തയിലത്തോരൻ, പഴുത്തമാങ്ങാക്കറി തുടങ്ങി വിവിധ വിഭവങ്ങളാണ് ഉൾക്കൊള്ളുന്നത്.
ആഘോഷത്തിൻ്റെ പ്രൗഢത

പാർഥസാരഥി ക്ഷേത്രത്തിനു മുമ്പിലുള്ള ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. സാംസ്കാരികമൂല്യങ്ങളുടെ അഭിമാനചിഹ്നമാണിതെന്ന് മന്ത്രി പ്രസ്താവിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, എംപി ആൻറ്റോ ആൻറ്റണി, എംഎൽഎ അഡ്വ. പ്രമോദ് നാരായൺ എന്നിവർ ആദ്യ വിഭവങ്ങൾ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. കെഎസ്ആർടിസിയുടെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.
സുരക്ഷാ സംവിധാനങ്ങളും സേവാസാന്ദ്രതയും
ക്ഷേത്രപരിസരത്ത് ശക്തമായ പോലീസ് സുരക്ഷയോടെയാണ് സദ്യയുടെ നടത്തിപ്പ്. ഫയർ ആൻഡ് സേഫ്റ്റി സ്കൂബ ടീമും പമ്പാനദിയിൽ സജ്ജമാക്കി. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികളും, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരും സന്നിഹിതരായി.
ആദ്യദിനം ഏഴ് പള്ളിയോടങ്ങൾ പങ്കെടുത്ത വള്ളസദ്യ, കേരളീയ പാരമ്പര്യഭോക്തൃതയുടെ ഉജ്ജ്വല പ്രതിനിധിയായി മാറുകയാണ്.
