കാഞ്ഞങ്ങാട്: കാസര്‍കോട് പടന്ന വലിയപറമ്പ് സ്വദേശിയായ 20 കാരി ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ മാസം 17 ന് തൂങ്ങി മരിച്ചതില്‍ ആരോപണവുമായി ബന്ധുക്കൾ. ഭർത്താവിന്റേയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് മകൾ ജീവനൊടുക്കിയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മകളുടെ മരണത്തിന് പിന്നില്‍ പ്രവാസിയായ ഭര്‍ത്താവ് വൈശാഖിന്റെ മാനസിക പീഡനമാണെന്ന് അമ്മ ഗീത മാധ്യമങ്ങളോട് പറഞ്ഞു. വൈശാഖ് പലതും പറഞ്ഞ് മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നു. മകളെ പെണ്ണുകാണാൻ വന്ന സമയത്ത് തന്നെ സാമ്പത്തികം ഒന്നും ഇല്ലാത്ത ആൾക്കാരാണെന്ന് പറഞ്ഞതാണ്. ഭർത്താവ് വിളിക്കുന്ന ചീത്തയും കാര്യങ്ങളും മകൾ വാട്ട്സ്ആപ്പിൽ വോയിസ് നോട്ട് അയച്ച് തരും, നമ്മള് കേട്ടാലുടനെ അവളത് ഡിലീറ്റ് ചെയ്യും. പേടിച്ചാണ് മകൾ അവിടെ കഴിഞ്ഞതെന്നും അമ്മ ഗീത പറയുന്നു.
കൊടുത്ത സ്വർണ്ണം കുറഞ്ഞ് പോയി എന്ന് പറഞ്ഞ് ഭർത്താവ് മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു, അവരുടെ വീട്ടുകാരും ഇത് പറഞ്ഞിരുന്നുവെന്നാണ് നികിതയുടെ അമ്മ ഗീത പറയുന്നത്. കേസിന്റെ മൊഴിയെടുക്കാൻ പൊലീസ് വന്നത് മരണം നടന്ന് 12 ദിവസം കഴിഞ്ഞിട്ടാണ്. വൈശാഖന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ പാർട്ടി വഴി സ്വാധീനിച്ച് കേസ് ഒതുക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് നികിതയുടെ ബന്ധു രവി മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണത്തില്‍ തളിപ്പറമ്പ് പൊലീസ് മെല്ലെപോക്ക് നയം സ്വീകരിക്കുന്നതായും ഇവര്‍ക്ക് പരാതിയുണ്ട്. നീതിക്കായി നിയമപരമായി ഏതറ്റം വരേയും പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. തളിപ്പറമ്പ് ലൂര്‍ദ്ദ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു നികിത.
