കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ തലയോട്ടി പൊട്ടിയ നിലയിലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്. വലത് ചെവിയുടെ മുകൾഭാഗത്തായാണ് പൊട്ടൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷഹബാസ് രാത്രി 12.30 ഓടെയാണ് മരണപ്പെട്ടത്.
ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്. കേസിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ വിശദീകരണം തേടി.
