നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് അന്വേഷണസംഘം തെളിവെടുപ്പ് പുരോഗമിക്കുന്നു. സുധാകരനേയും ലക്ഷ്മിയേയും കൊല്ലാൻ ഉപയോഗിച്ച കൊടുവാൾ വാങ്ങിയ എലവഞ്ചേരിയിലെ കടയിൽ ചെന്താമരയെ എത്തിച്ചും തെളിവെടുപ്പ് നടത്തി.
ചെന്താമര കൊടുവാൾ വാങ്ങിയത് എലവഞ്ചേരിയിലെ കടയിൽ നിന്ന് തന്നെയാണെന്നും കൊടുവാളിൽ കടയുടെ സീൽ ഉണ്ടെന്നും ആലത്തൂർ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കടയുടമയും ചെന്താമരയെ തിരിച്ചറിഞ്ഞു. പൊലീസിന് ചെന്താമര കൊടുവാളുണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും കാണിച്ചുകൊടുത്തു.
ചൊവ്വാഴ്ചചെന്താമരയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തിരുന്നു. ശേഷം ആയുധം ഒളിപ്പിച്ച ചെന്താമരയുടെ വീട്, മൊബൈൽ ഫോൺ ഉപേക്ഷിച്ച സ്ഥലം, ഒളിവിൽ പോയ സ്ഥലം, പ്രതിയെ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തിയിരുന്നു. ജനുവരി 27 ന് രാവിലെ താൻ കത്തി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവെന്ന് തെളിവെടുപ്പിനിടെ ചെന്താമര പൊലീസിനോട് പറഞ്ഞിരുന്നു. പ്രകോപനത്തിനിടെയാണ് ആക്രമിച്ചത്. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നിലാണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കി ലക്ഷമി വരുന്നത് കണ്ടപ്പോൾ അവരെയും ആക്രമിച്ചു. ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് കയറുകയും കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടിൽവെച്ച ശേഷം പിൻവശത്തുകൂടെ പുറത്തിറങ്ങി സമീപത്തെ പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നുവെന്നും ചെന്താമര ഇന്നലെ പൊലീസിനോട് വിശദീകരിച്ചിരുന്നു. ഈ വഴികളിലൂടെയൊക്കെ ചെന്താമരയേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. പാടവരമ്പത്ത് കുറ്റിക്കാട്ടിൽ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ചു. പാടവരമ്പത്തെ കമ്പിവേലി ചാടിക്കടന്ന് വനത്തിലേക്ക് നടന്നു. നാട്ടുകാരുടെ കണ്ണിൽ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെയും ഇറങ്ങി നടന്നു. വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെട്ടു, ആനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ട താൻ ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും തെളിവെടുപ്പിൽ ചെന്താമര വിശദീകരിച്ചു.
എന്തിനാണ് അയൽവാസിയായ പുഷ്പയെ കണ്ണുരുട്ടിയതെന്ന ചോദ്യത്തിന് പുഷ്പ മിസ്സായെന്ന് ചെന്താമര പറഞ്ഞതായി ആലത്തൂർ ഡിവൈഎസ്പി അറിയിച്ചു. കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ സമീപവാസിയായ പുഷ്പയാണെന്നും, അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും കഴിഞ്ഞ ദിവസവും ചെന്താമര മൊഴി നൽകിയിരുന്നു. ആലത്തൂർ ഡിവൈഎസ്പിയുടെ ചോദ്യം ചെയ്യലിലായിരുന്നു ചെന്താമരയുടെ വെളിപ്പെടുത്തൽ. നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന് (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിത(35) യേയും ഇയാള്‍ വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും കൊലപാതകം നടത്തിയത്. കൊലപാതക ശേഷം രക്ഷപ്പെട്ട പ്രതിയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
