കണ്ണൂർ: സിപിഐഎം നേതാവ് കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏഴ് ആർഎസ്എസ്–ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1,40,000 രൂപ പിഴയും കോടതി വിധിച്ചു. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവർക്കാണ് ശിക്ഷ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായി 35 വർഷം തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
2008 ഡിസംബർ 31നാണ് സിപിഐഎം പ്രവർത്തകനായ കെ. ലതേഷിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒന്നാം പ്രതി മുതൽ ഏഴാം പ്രതിവരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒൻപത് മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. വിചാരണക്കാലയളവിൽ എട്ടാം പ്രതി മരണപ്പെട്ടിരുന്നു.
സംഭവ ദിവസം ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി സൃഷ്ടിച്ച ശേഷമാണ് ലതേഷിനെ പിന്തുടർന്ന് പ്രതികൾ ആക്രമണം നടത്തിയത്. രക്ഷ തേടി സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പ്രതികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിൽ ലതേഷിന്റെ സുഹൃത്തിനും പരിക്കേറ്റിരുന്നു.
