ബെംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പേരിൽ അങ്കണവാടി ജീവനക്കാരിയെ നടുറോഡിൽ കുത്തിക്കൊന്ന യുവാവ് മണിക്കൂറുകൾക്കുള്ളിൽ ജീവനൊടുക്കി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള യെല്ലാപുരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യെല്ലാപുര സ്വദേശിനി രഞ്ജിത ഭനസോഡെ (30) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ റഫീഖ് ഇമാംസാബിനെ (30) ഞായറാഴ്ച പുലർച്ചെ വനപ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സ്കൂൾ കാലം മുതൽക്കേ രഞ്ജിതയും റഫീഖും തമ്മിൽ പരിചയമുണ്ടായിരുന്നു. 12 വർഷം മുൻപ് വിവാഹിതയായ രഞ്ജിതയ്ക്ക് പത്ത് വയസ്സുള്ള മകനുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ ശേഷം സ്വന്തം നാട്ടിൽ അങ്കണവാടിയിൽ പാചക സഹായിയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഇതിനിടെ റഫീഖ് വിവാഹാഭ്യർത്ഥനയുമായി രഞ്ജിതയെ സമീപിച്ചു. എന്നാൽ രഞ്ജിതയും കുടുംബവും ഈ ആവശ്യം കർശനമായി നിരസിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വായ്പയുമായി ബന്ധപ്പെട്ട തർക്കമാണ് ഇവർ തമ്മിലുള്ള സംസാരത്തിന് കാരണമായതെന്ന് രഞ്ജിതയുടെ സഹോദരൻ വീരഭദ്ര ഭനസോഡെ പറയുന്നു.
റഫീഖിന്റെ സുഹൃത്ത് എടുത്ത ലോണുമായി ബന്ധപ്പെട്ട് ജാമ്യം നിന്ന രഞ്ജിത, പണം തിരികെ ലഭിക്കാനായി റഫീഖിനെ വിളിച്ചിരുന്നു.ഇതിന് പിന്നാലെ റഫീഖ് വിവാഹാഭ്യർത്ഥനയുമായി രഞ്ജിതയെ ശല്യം ചെയ്യാൻ തുടങ്ങി.താൻ ഹിന്ദുമതത്തിലേക്ക് മാറാൻ തയ്യാറാണെന്ന് വരെ റഫീഖ് വാഗ്ദാനം ചെയ്തിരുന്നു എന്നും വീരഭദ്ര ഭനസോഡെ പറഞ്ഞു .
ശല്യം സഹിക്കവയ്യാതെ 20 ദിവസം മുൻപ് സഹോദരൻ നേരിട്ട് കണ്ട് സംസാരിക്കുകയും ഇനി ശല്യം ചെയ്യില്ലെന്ന് റഫീഖ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.കൊലപാതകത്തിന് പിന്നാലെ യെല്ലാപുരയിൽ കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവം ‘ലവ് ജിഹാദ്’ ആണെന്ന് ആരോപിച്ച് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് രംഗത്തെത്തി. ഞായറാഴ്ച യെല്ലാപുരയിൽ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
റഫീഖിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് നഗരത്തിൽ നിന്നും 5 കിലോമീറ്റർ അകലെയുള്ള വനത്തിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
