
മീനങ്ങാടി: കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. മീനങ്ങാടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഇ. അൽത്താഫ്, എം.എ. അർജുൻ എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് യുവാക്കൾ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ബസ് ഡ്രൈവർ ശരത് (29), കണ്ടക്ടർ വിഷ്ണുപ്രകാശ് (29) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച രാവിലെ 9.30-ഓടെ കൊളവയൽ മാനിക്കുനിയിലായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രദേശത്തെ ഒരു വീട്ടിൽ ശരതും വിഷ്ണുപ്രകാശും അതിക്രമിച്ചുകയറുകയും വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ബഹളംവെക്കുകയും ചെയ്തിരുന്നു. വീട്ടുടമ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസുകാരായ അൽത്താഫും അർജുനും സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ആക്രമിക്കുകയായിരുന്നു. വിഷ്ണുപ്രകാശിന്റെ കൈവശമുണ്ടായിരുന്ന സ്റ്റീലിന്റെ വള ഉപയോഗിച്ചും കൈകൊണ്ടുമാണ് ഇവർ പോലീസുകാരെ ആക്രമിച്ചത്.
വിവരമറിഞ്ഞ് മീനങ്ങാടിയിൽ നിന്ന് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തേക്കെത്തി. തുടർന്ന് പോലീസുകാരും നാട്ടുകാരും ചേർന്ന് പ്രതികളെ ബലപ്രയോഗം നടത്തി കീഴടക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. വീട്ടിൽ അതിക്രമിച്ചുകയറിയതിനും പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുൾപ്പെടെ യുവാക്കളുടെ പേരിൽ കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.