തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹനാണ് ശിക്ഷാവിധി പറഞ്ഞത്.
കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രനാണ് പ്രതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന്, കോടതി പ്രതിയെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ തേടിയിരുന്നു. ഈ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി കൊടും കുറ്റവാളിയാണെന്നും കവർച്ചയ്ക്കായി തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ 4 കൊലപാതകങ്ങളിൽ 3 പേരും സ്ത്രീകളായിരുന്നെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ പറഞ്ഞിരുന്നു. അതേസമയം, 70 വയസ്സുള്ള തന്റെ അമ്മയെ നോക്കണമെന്നാണ് പ്രതി രാജേന്ദ്രൻ കോടതിയെ അറിയിച്ചിരുന്നത്.
