70 വയസ്സുള്ള തന്റെ അമ്മയെ നോക്കണമെന്നാണ് പ്രതി രാജേന്ദ്രൻ കോടതിയെ അറിയിച്ചത്
തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹനാണ് കേസ് പരിഗണിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രനാണ് പ്രതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന്, കോടതി പ്രതിയെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ തേടിയിരുന്നു. ഈ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു. പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. പ്രതി കൊടും കുറ്റവാളിയാണെന്നും കവർച്ചയ്ക്കായി തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ 4 കൊലപാതകങ്ങളിൽ 3 പേരും സ്ത്രീകളായിരുന്നെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ പറഞ്ഞു.
അതേസമയം, 70 വയസ്സുള്ള തന്റെ അമ്മയെ നോക്കണമെന്നാണ് പ്രതി രാജേന്ദ്രൻ കോടതിയെ അറിയിച്ചത്.കേസിലെ ഏക പ്രതിയാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം സ്വദേശി രാജേന്ദ്രൻ.
2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് ചെടി വാങ്ങാൻ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപവൻ തൂക്കമുളള സ്വർണമാല കവരുന്നതിനായിരുന്നു ഈ അരും കൊല. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു.
