മരണപ്പെട്ടയാളുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത് തട്ടിപ്പു നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍
മരണപ്പെട്ടയാളുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത് തട്ടിപ്പു നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) മാസങ്ങളായി ഈ ബാങ്ക് തട്ടിപ്പ് അന്വേഷിച്ചുവരികയായിരുന്നു. കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ നന്ദ് നഗരി പ്രദേശവാസിയായ സുരേഷ് കുമാര്‍ (45) ആണ് അറസ്റ്റിലായത്. വ്യാജ രേഖകള്‍ ചമച്ച് ബാങ്കുകളില്‍ നിന്ന് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സുരേഷ് കുമാര്‍. സൈബര്‍ കഫേ നടത്തുന്ന ഇയാള്‍ ഒന്നിലധികം സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ നിരീക്ഷണത്തിലായിരുന്നു.
2015-ല്‍ സരിത വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 2025 ഏപ്രില്‍ രണ്ടിന് ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്ന് 3.2 കോടി രൂപയുടെ വായ്പ ലഭിക്കാനായി വ്യാജ രേഖകള്‍ ഉപയോഗിച്ചുവെന്നാണ് സുരേഷ് കുമാറിനെതിരായ കേസ്. സൊണാല്‍ ജെയിന് എന്ന യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി കൊടുത്തത്. തന്റെ മരണപ്പെട്ട ഭര്‍ത്താവ് മഹേന്ദ്രകുമാര്‍ ജെയിന്റെ പേരില്‍ സുരേഷ് കുമാര്‍ വ്യാജ രേഖ നിര്‍മ്മിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സൊണാല്‍ പരാതി നല്‍കിയത്. കേസില്‍ വര്‍ഷങ്ങളോളം അന്വേഷണം നടന്നു. എന്നാല്‍ വ്യാജ രേഖകളിലെ വിരലടയാളങ്ങളുടെ ഫോറന്‍സിക് വിശകലനമാണ് പ്രതിയിലേക്കെത്താന്‍ വഴിത്തിരിവായത്.
