മുറിയിൽ ഉണ്ടായിരുന്നവർ രാവിലെ തന്നെ വെക്കേറ്റ് ചെയ്ത് പോകുകയായിരുന്നു
തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിലെ പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്ന് തിരുവനന്തപുരം റെയിഞ്ച് മണ്ണന്തല എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ പറഞ്ഞു. ഹോസ്റ്റലിൽ എംഡിഎംഎയും കഞ്ചാവും ഉണ്ടെന്ന് ഇന്ന് രാവിലെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയിട്ടില്ല. 455 എന്ന മുറിയിലെ പുസ്തകങ്ങൾ വെക്കുന്ന ഷെൽഫിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കെത്തുമ്പോൾ മുറിയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നുവെന്നും തമിഴ്നാട് സ്വദേശിയായ വിദ്യാർഥിയുടെ മുറിയാണിതെന്നും എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ വ്യക്തമാക്കി. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
മുറിയിൽ ഉണ്ടായിരുന്നവർ രാവിലെ തന്നെ വെക്കേറ്റ് ചെയ്ത് പോകുകയായിരുന്നു. 20ഗ്രാം കഞ്ചാവാണ് ലഭിച്ചത്. നിരവധി മുറികൾ പരിശോധിച്ചുവെന്നും യൂണിവേഴ്സിറ്റി ഹോസ്റ്റൽ അധികൃതർക്ക് വിവരങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇപ്പോൾ നടന്ന എക്സൈസ് റെയ്ഡ് ഹോസ്റ്റൽ യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ വരുന്നതല്ലെന്നും കേരള സർക്കാരിന്റെ കീഴിൽപ്പെടുന്നതാണെന്നും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മേൽ പറഞ്ഞു. എല്ലാ ഹോസ്റ്റലുകളിലും റെയ്ഡ് നടത്തേണ്ടതുണ്ട്. മയക്കുമരുന്നിൽ ക്ലീൻ ആണ് എന്ന് കണ്ടെത്തണം.ഇനി യൂണിവേഴ്സിറ്റിയിൽ പഠിക്കണമെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം നൽകണമെന്നും വിസി പ്രതികരിച്ചു.
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധന പൂർത്തിയാക്കി എക്സൈസ് സംഘം മാധ്യമങ്ങൾക്ക് മുന്നിൽ മുഖം തരാതെയാണ് മറ്റൊരുവഴിയിലൂടെ പുറത്തേക്ക് പോയിരുന്നത്.
കേരള സര്‍വകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ 70ലധികം മുറികളാണ് ഉള്ളത്. ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറമെ മുൻ വിദ്യാർഥികളും ഇവിടെ താമസിക്കാറുണ്ട്.
