ബെനോനി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടർ-19 ഏകദിന പരമ്പരയിൽ ഇന്ത്യൻ യുവതാരങ്ങളുടെ ബാറ്റിങ് മികവ് വീണ്ടും തിളങ്ങി. മൂന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശി വെറും 63 പന്തിൽ സെഞ്ചുറി നേടി. 74 പന്തുകളിൽ 127 റൺസെടുത്ത വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്സിനൊപ്പം മലയാളി താരം ആരോൺ ജോർജും സെഞ്ചുറി തികച്ചു. ഇരുവരുടെയും മികവിൽ 29 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 242-1 എന്ന ശക്തമായ നിലയിലാണ്.
ഇന്നിങ്സ് ആരംഭിച്ചതുമുതൽ തന്നെ വൈഭവ് സൂര്യവംശി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ആക്രമിച്ചു. ബൗണ്ടറികളും സിക്സറുകളും നിറഞ്ഞ ബാറ്റിങിലൂടെ ആദ്യ ഓവറുകളിൽ തന്നെ താരം സ്കോർബോർഡ് ചലിപ്പിച്ചു. ആറാം ഓവറിൽ ടീം അമ്പത് പിന്നിട്ടു. ഏഴാം ഓവറിൽ 21 റൺസ് അടിച്ചെടുത്ത വൈഭവ് 24 പന്തിൽ അർധസെഞ്ചുറിയും പൂർത്തിയാക്കി. വൈഭവിനൊപ്പം ഓപ്പണറായി എത്തിയ ആരോൺ ജോർജും വേഗത്തിൽ റൺസ് കണ്ടെത്തിയതോടെ 10 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 111 റൺസിലെത്തി. 32 പന്തിൽ അർധസെഞ്ചുറി നേടിയ ആരോൺ മികച്ച പിന്തുണ നൽകി.
ബൗളർമാരെ നിരന്തരം മാറ്റിയിട്ടും പിടികൊടുക്കാതെ വൈഭവ് തന്റെ ആക്രമണം തുടർന്നു. ക്രീസിൽ ഉറച്ചുനിന്ന ആരോൺ ജോർജിനൊപ്പം ചേർന്നാണ് ഇന്ത്യയുടെ സ്കോർ കുതിച്ചത്. 63 പന്തിൽ നിന്നാണ് വൈഭവ് സെഞ്ചുറി തികച്ചത്. 24-ാം ഓവറിൽ ഇന്ത്യ 200 റൺസ് പിന്നിട്ടു. 25 ഓവർ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 226 റൺസിലായിരുന്നു. തുടർന്നുള്ള ഓവറിൽ വൈഭവ് പുറത്തായി. ഒൻപത് ഫോറുകളും പത്ത് സിക്സറുകളുമടങ്ങിയതാണ് താരത്തിന്റെ 127 റൺസ് ഇന്നിങ്സ്.
വൈഭവിന് പിന്നാലെ വൺഡൗണായി വേദാന്ത് ത്രിവേദി ക്രീസിലെത്തി. പിന്നീട് ആരോൺ ജോർജും സെഞ്ചുറി പൂർത്തിയാക്കി.
