വാഴക്കൂമ്പ് ആരോഗ്യഗുണങ്ങളാൽ സമൃദ്ധമായതും മലയാളിയുടെ അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ്. നിങ്ങളുടെ ആർത്തവ ദിനങ്ങളിൽ ഒരു കപ്പ് വേവിച്ച വാഴക്കൂമ്പ് കഴിക്കുന്നത് അമിതമായ രക്തസ്രാവം ഉണ്ടാകുന്നതിനു പരിഹാരം കാണുന്നു.പ്രമേഹവും വിളർച്ചയും കൈകാര്യം ചെയ്യാൻ വാഴക്കൂമ്പ് മികച്ചതാണ്. വാഴക്കൂമ്പ് തുടർച്ചയായി കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും.എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളുടേ സമ്പന്ന ഉറവിടമാണ് വാഴകൂമ്പ്. പൊട്ടാസ്യം, ഫെബർ എന്നി പോഷകങ്ങളും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ആരോഗ്യകരമായ ഒരു പച്ചക്കറിയാണ് വാഴക്കൂമ്പ്.
വാഴക്കൂമ്പ് ചെറുപയർ തോരൻ എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ:
വാഴക്കൂമ്പ്- 1
ചെറുപയർ – 3/4 കപ്പ്
ചിരകിയ തേങ്ങ – 2.5 കപ്പ്
വെളുത്തുള്ളി – 8 എണ്ണം
പച്ചമുളക് 3 – 4 എണ്ണം
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ- 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉണക്ക മുളക് – 2 എണ്ണം
കറിവേപ്പില
വാഴക്കൂമ്പ് തയ്യാറാക്കുമ്പോൾ കയ്യിൽ കറ പറ്റാൻ ഇടയുള്ളത് കൊണ്ടു, എണ്ണ കൈയിൽ പുരട്ടിയതിനു ശേഷം അരിയുക.
അരിഞ്ഞുവച്ച വാഴക്കൂമ്പ് മഞ്ഞൾ വെള്ളത്തിൽ (1/2 ടീസ്പൂൺ) 5 മിനിറ്റ് മുക്കിവയ്ക്കുക. അതിനുശേഷം അരിഞ്ഞുവച്ച വാഴക്കൂമ്പ് വെള്ളം പൂർണ്ണമായും പിഴിഞ്ഞ് മാറ്റി വയ്ക്കുക.
തേങ്ങ ചിരകിയത്, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ ഒരുമിച്ച് യോജിപ്പിക്കുക.
ഒരു ആഴത്തിലുള്ള പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. രണ്ടു ഉണക്ക മുളക് ചേർക്കുക. അതിലേക്കു വാഴക്കൂമ്പ് ചേർക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കുക. മൂടിവച്ച് ഏറ്റവും കുറഞ്ഞ തീയിൽ 8 – 10 മിനിറ്റ് വേവിക്കുക. കൂടുതൽ വേവേണ്ടതുണ്ടെങ്കിൽ, കുറച്ച് വെള്ളം തളിച്ച് മൂടിവച്ച് 4-5 മിനിറ്റ് അല്ലെങ്കിൽ അത് വേവുന്നതുവരെ വേവിക്കുക.
വേവിച്ച ചെറുപയർ ചേർത്ത് നന്നായി ഇളക്കുക. മൂടിവച്ച് 5 മിനിറ്റ് കൂടി വേവിക്കുക. അതിലേക്കു യോജിപ്പിച്ചു വച്ച തേങ്ങ ചേർക്കുക.
ചെറുപയർ പാചകം ചെയ്യാൻ: വെള്ളത്തിൽ ചെറുപയർ കുറച്ച് തവണ കഴുകുക. 2 – 2.5 കപ്പ് വെള്ളത്തിൽ 3-4 വിസിൽ വരുന്ന വരെ പ്രഷർ കുക്ക് ചെയ്യുക. പ്രഷർ പോയതിനുശേഷം ഊറ്റി എടുക്കുക.
ചെറുപയറിന് പകരം വൻപയർ,പരിപ്പ് എന്നിവ ഉപയോഗിക്കാം.
