ലോകത്തെ ഏറ്റവും മികച്ച എൻജിനീയറിങ് ജോലി ലഭിക്കുന്നതിനാവശ്യമായ എല്ലാ യോഗ്യതയും തനിക്കുണ്ടായിരിക്കെ ഒരു പ്രൊഫണൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് തുടങ്ങുന്നതിനുള്ള യോഗ്യതയില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കെയ്റാന്റെ വിമർശനം
ഇലോൺ മസ്കിന്റെ സ്പേസ് എക്സിൽ 14 വയസ്സിൽ ജോലിക്കു പ്രവേശിച്ച സോഫ്റ്റ്വെയർ എൻജിനീയർ കെയ്റാൻ ഖ്വാസിയെ ഓർമയില്ലേ? ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് കെയ്റാൻ. 2023ലാണ് കെയ്റാന്റെ അക്കൗണ്ട് ലിങ്ക്ഡ്ഇൻ നീക്കം ചെയ്യുന്നത്. എന്നാലിപ്പോൾ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം കെയ്റാന് ലിങ്ക്ഡിനിൽ പ്രവേശിക്കാൻ അനുവദിച്ചിരിക്കുകയാണ്.പതിനാറ് വയസ്സ് തികഞ്ഞതിനെ തുടർന്നാണ് പ്ലാറ്റ്ഫോമിലേക്ക് കെയ്റാന് ലിങ്ക്ഡ്ഇൻ ആക്സസ് നൽകിയിരിക്കുന്നത്. സ്വാഗതം പറഞ്ഞുകൊണ്ടാണ് കെയ്റാന്റെ തിരിച്ചുവരവ് ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ ആഘോഷിക്കുന്നത്. ഇത്രയും കാലം തങ്ങൾ കെയ്റാനെ മിസ് ചെയ്തുവെന്നും പലരും കുറിക്കുന്നു. യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത് വീണ്ടും തുടരണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
16 വയസ്സ് തികഞ്ഞവർക്ക് മാത്രമേ ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കൂ. അതിന്റെ പശ്ചാത്തലത്തിലാണ് കെയ്റാന്റെ അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നത്. ലിങ്ക്ഡിന്റെ നടപടിയെ അപരിഷ്കൃതമെന്ന് അന്ന് കെയ്റാൻ വിമർശിക്കുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും മികച്ച എൻജിനീയറിങ് ജോലി ലഭിക്കുന്നതിനാവശ്യമായ എല്ലാ യോഗ്യതയും തനിക്കുണ്ടായിരിക്കെ ഒരു പ്രൊഫണൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് തുടങ്ങുന്നതിനുള്ള യോഗ്യതയില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കെയ്റാന്റെ വിമർശനം. ഇൻസ്റ്റഗ്രാമിലൂടെ തന്നെ ബന്ധപ്പെടാൻ കെയ്റാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു.
2023ലാണ് സ്പേസ് എക്സിൽ കെയ്റാൻ ജോലിയിൽ പ്രവേശിക്കുന്നത്. സ്റ്റാർലിങ്ക് പ്രൊജക്ടിലായിരുന്നു സംഭാവനകൾ. ഇന്റൽലാബ്സിൽ 4 വർഷം ഇന്റേണായി പ്രവർത്തിച്ചതിന് ശേഷമാണ് സ്പേസ് എക്സിലേക്ക് കെയ്റാൻ എത്തുന്നത്. 2023ൽ സാന്റക്ലാര സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ 2023ലാണ് കെയ്റാൻ ബിരുദം നേടുന്നത്. സർവകലാശാലയുടെ 170 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയായിരുന്നു. 11 വയസ്സുള്ളപ്പോഴാണ് ലാസ് പോസിറ്റാസ് കോളേജിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടുന്നത്.
