
വ്യോമസേനയില്‍ അഗ്നിവീര്‍ ആകാന്‍ അവസരം. വായു (മ്യുസിഷ്യന്‍) തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ നിയമനമാണ് അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 10 മുതല്‍ 18 വരെ ന്യൂഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ വെച്ചാണ് റിക്രൂട്മെന്റ് റാലി നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ 21 മുതല്‍ മേയ് 11 വരെ ഓണ്‍ലൈനായി റാലിയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പത്താം ക്ലാസ് ജയമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സംഗീതത്തിലും അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സംഗീത ഉപകരണം കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യം ഉള്ളവരായിരിക്കണം പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍.
സംഗീത പരിചയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകര്‍ 2005 ജനുവരി 1നും 2008 ജൂലൈ 1നും മധ്യേ ജനിച്ചവര്‍ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസം 30000 രൂപയാണ് ശമ്പളം ലഭിക്കുക. രണ്ടാം വര്‍ഷത്തില്‍ 33000 രൂപയായി ശമ്പളം വര്‍ധിക്കും.മൂന്നാം വര്‍ഷം പ്രതിമാസ ശമ്പളം 36500 രൂപയും നാലാം വര്‍ഷം പ്രതിമാസ ശമ്പളം 40000 രൂപയുമാണ്.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട ശാരീരിക യോഗ്യതകള്‍ ചുവടെ കൊടുത്തിരിക്കുന്നു.
പുരുഷന്മാര്ക്ക് 162 സെന്റി മീറ്റര്‍ ഉയരം ഉണ്ടായിരിക്കണം. നെഞ്ചളവ് 77 സെന്റി മീറ്ററും കുറഞ്ഞത് 5 സെന്റെ മീറ്റര്‍ വികാസവും ഉണ്ടായിരിക്കണം. സ്ത്രീകള്‍ക്ക് 152 സെന്റി മീറ്റര്‍ ഉയരം ഉണ്ടായിരിക്കണം.തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം ആയിരിക്കും. അപേക്ഷകര്‍ക്ക് എല്ലാം മികച്ച കാഴ്ച, കേള്‍വിശക്തി, ആരോഗ്യമുള്ള പല്ലുകള്‍ എന്നിവയും ഉണ്ടായിരിക്കണം എന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
അപേക്ഷ ഫീസ് 100 രൂപയും ജി എസ് ടിയും ആണ്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ ഫീസ് സമര്‍പ്പിക്കേണ്ടത്.മ്യുസിക്കല്‍ ഇന്‍സ്ട്രുമെന്റ് പ്രൊഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കല്‍ എക്സാമിനേഷന് എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്. വിശദമായ വിവരങ്ങള്‍ക്കായി https://agnipathvayu.cdac എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.