
ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും സുവർണ്ണാവസരം. ഇത്തവണ തങ്ങളുടെ ഫിനാൻസ് ടീമിൽ ചേരുന്നതിന് വേണ്ടിയാണ് ലുലു ഗ്രൂപ്പ് പരിചയസമ്പന്നരായ പ്രൊഫഷണലുകളെ അന്വേഷിക്കുന്നത്. അക്കൗണ്ടിംഗ്, നികുതി, സാമ്പത്തിക മാനേജ്മെന്റ് എന്നിവയിൽ വ്യക്തമായ അറിവും യോഗ്യതയും ഉള്ളവരുമാണെങ്കില്‍ താഴെ പറയുന്ന ലുലു ഗ്രൂപ്പിന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും.
ചീഫ് അക്കൗണ്ടന്റ്, ഫിനാൻസ് മാനേജർ ഒഴിവുകളിലേക്കാണ് ലുലു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക.
ചീഫ് അക്കൗണ്ടന്റ്: (ജോബ് കോഡ് CHA-1) പത്ത് വർഷത്തെ പ്രവർത്തന പരിചയത്തോടൊപ്പമുള്ള എം കോം/ സിഎ ഇന്റർ യോഗ്യതയുള്ളവരായിരിക്കണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ. അക്കൗണ്ടിംഗിലും നികുതിയുമായി ബന്ധപ്പെട്ട മേഖലയിലും ശക്തമായ അറിവുണ്ടായിരിക്കണം. അതോടൊപ്പം തന്നെ റീട്ടെയിൽ മേഖലയിലെ പരിചയം ഒരു അധിക നേട്ടമായിരിക്കും.
ഫിനാൻസ് മാനേജർ: (ജോബ് കോഡ് -FMA1) 10+ വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയമുള്ള സി എ. നികുതി, സ്റ്റാറ്റുറ്ററി കംപ്ലയ്ന്സ്, ക്യാഷ് ഫോളോ മാനേജ്മെന്റ്, അക്കൗണ്ടിംഗ് രീതികൾ എന്നിവയിൽ മികച്ച വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. എസ് എ പിയിലെ അറിവ് ഒരു അധിക യോഗ്യതയായി കണക്കാക്കും.
മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് careers@luluindia.com എന്ന വിലാസത്തിലേക്ക് സിവി ഇ-മെയില്‍ ചെയ്തുകൊണ്ട് അപേക്ഷിക്കാം. സബ്ജക്ട് ഫീല്‍ഡില്‍ ജോലി കോഡ് പരാമർശിക്കാൻ മറക്കരുത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 12 .
അഹമ്മദാബാദിലെ ചന്ദ്ഖേഡയിലെ എസ്പി റിംഗ് റോഡിലാണ് ലുലുവിന്റെ പുതിയ മാള്‍ വരുന്നത്. മാളിനായി ഏകദേശം 500 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് ലുലു ഗ്രൂപ്പ് ഭൂമി വാങ്ങിയത്. ഷോപ്പിംഗ് മാൾ പദ്ധതി മാത്രം 7,500-ലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു യൂസഫലി നേരത്തെ പറഞ്ഞത്. 4000 കോടി രൂപ മുടക്കിക്കൊണ്ടാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ അഹമ്മദബാദില്‍ നിർമ്മിക്കാന്‍ പോകുന്നത്. ഷോപ്പിംഗ് മാളുകൾക്ക് പുറമേ, ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാർക്ക് ഗുജറാത്തിൽ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ലുലു. ഗുജറാത്തിന് പുറമെ ആന്ധ്രയിലും തമിഴ്നാട്ടിലും ലുലുവിന്റെ പുതിയ മാളുകളുടെ പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.