ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ദീർഘദൂര യാത്രകൾക്ക് പുത്തൻ അനുഭവം പകരാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ തയ്യാറായി. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ മേൽനോട്ടത്തിലുള്ള അവസാനവട്ട അതിവേഗ പരീക്ഷണങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് കൊൽക്കത്ത (ഹൗറ) – ഗുവാഹത്തി (കാമാഖ്യ) പാതയിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം സർവീസ് ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
റെയിൽവേ സുരക്ഷാ കമ്മിഷണറുടെ മേൽനോട്ടത്തിൽ കോട്ട – നാഗ്ദ പാതയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ട്രെയിൻ, ജനുവരി പകുതിയോടെ ഔദ്യോഗികമായി പുറത്തിറങ്ങും.
ഈ വർഷം പുറത്തിറക്കുന്ന 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് ലഭിക്കാൻ സാധ്യതയുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി അസം, ബംഗാൾ എന്നിവയ്ക്കൊപ്പം കേരളത്തെയും പരിഗണിക്കുന്നുണ്ട്.
അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യഘട്ടത്തിൽ തന്നെ മുൻഗണന ലഭിക്കും.
കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരം – ചെന്നൈ റൂട്ടിലാകും സർവീസ് നടത്തുക എന്നാണ് നിലവിലെ സൂചനകൾ.തിരുവനന്തപുരം – ബെംഗളൂരു പാതയാണ് റെയിൽവേയുടെ രണ്ടാമത്തെ പരിഗണനയിലുള്ളത്.
ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന ഈ സർവീസുകൾ ചെന്നൈ, ബെംഗളൂരു നഗരങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കും.
