രാജ്യത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡ് പടുത്തുയര്‍ത്തിയ രത്തന്‍ ടാറ്റ, വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍, അദ്ദേഹത്തിന്റെ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പില്‍ ഇന്ന് എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ പറയാവുന്ന ഉത്തരം പരിതാപകരമെന്നാണ്. രത്തന്‍ ടാറ്റയുടെ മരണ ശേഷം അധികാരവടംവലിയുടേയും ഭിന്നതയുടേയും വേദിയായി ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ടാറ്റ ട്രസ്റ്റ് മാറിയിരുന്നു.Tata Group in turmoil; Uncertainty grows after Ratan Tata
രത്തന്‍ ടാറ്റയുടെ വ്യക്തിത്വം എല്ലാവരെയും ഒരുമിപ്പിക്കാന്‍ സഹായിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ അര്‍ധസഹോദരനും ട്രസ്റ്റ് ചെയര്‍മാനുമായ നോയല്‍ ടാറ്റക്ക് അത് സാധിച്ചിട്ടില്ല. ട്രസ്റ്റിലെ മറ്റ് അംഗങ്ങളുമായി നിലപാട് ഏകീകരിക്കുന്നതില്‍ നോയല്‍ ടാറ്റയ്ക്ക് പരാജയം നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച്, ടാറ്റ സണ്‍സില്‍ 18.37% ഓഹരി കൈവശമുള്ള ഷപ്പൂര്‍ജി പല്ലോന്‍ജി കുടുംബത്തിലെ മെഹ്ലി മിസ്ട്രി നയിക്കുന്ന ട്രസ്റ്റികളുമായാണ് ഭിന്നത ഏറ്റവും രൂക്ഷം.
നോയല്‍ ടാറ്റയുടെ തീരുമാനങ്ങള്‍ അവഗണിക്കപ്പെടുന്നു, പ്രധാനമായ തീരുമാനങ്ങള്‍ പങ്കുവെക്കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 11ന് നടന്ന ട്രസ്റ്റ് യോഗത്തില്‍ മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങിനെ സ്ഥാനത്ത് നിന്ന് നീക്കി മെഹ്ലി മിസ്ട്രിയെ നിയമിച്ചതും ഭിന്നത കൂടുതല്‍ രൂക്ഷമാക്കിയെന്നാണ് സൂചന. അതേസമയം, വേണു ശ്രീനിവാസന് പുനര്‍നിയമനവും പരിഗണനയിലാണ്.
ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് അടുത്തിടെ മുംബൈയില്‍ നടത്തിയ ട്രസ്റ്റിമാരുടെ അടിയന്തര യോഗത്തില്‍ പ്രശ്ന പരിഹാര മാര്‍ഗങ്ങള്‍ തേടിയെങ്കിലും സ്ഥിതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അതോടൊപ്പം, റിസര്‍വ് ബാങ്ക് നീര്ദേശിച്ചിട്ടുള്ള ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗ് വിഷയവും ഗ്രൂപ്പിന് മുന്നിലുള്ള മറ്റൊരു വലിയ വെല്ലുവിളിയാണ്.
പ്രശ്നങ്ങള്‍ ഗുരുതരമാകുമ്പോള്‍, കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. ടാറ്റയുടെ അച്ചടക്കം, ധാര്‍മികത, സുതാര്യത എന്നിവ സംരക്ഷിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ട്രസ്റ്റികളെ പുറത്താക്കാനുള്ള നിര്‍ദേശവും കേന്ദ്രം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ഒന്ന് മാത്രമാണ്. നോയല്‍ ടാറ്റയ്ക്ക് രത്തന്‍ ടാറ്റയുടെ പാത പിന്തുടര്ന്ന് ട്രസ്റ്റിമാരെ ഒരുമിപ്പിച്ച് ഗ്രൂപ്പിനെ വീണ്ടും ഐക്യത്തിലേക്ക് നയിക്കാനാകുമോ എന്നതാണ് വ്യവസായ ലോകം ഉറ്റു നോക്കുന്നത്.
