തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണയുടെ വില ചരിത്രത്തിലാദ്യമായി സർവകാല റെക്കോര്‍ഡില്‍. ഇപ്പോഴത്തെ നിലവാരത്തിൽ മില്ലുകളില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 400 രൂപക്ക് മുകളിലാണ് വില. ഇത്തിരികാലം ഇങ്ങനെ തുടരുകയാണെങ്കിൽ വില അഞ്ഞൂറ് രൂപയിലേക്ക് കടക്കുമെന്ന് എണ്ണമില്ലിലെ ഉടമകള്‍ മുന്നറിയിപ്പ് നല്കുന്നു.Coconut oil prices hit all-time record
അടുത്തിടെ എട്ട് മാസത്തിനുള്ളില്‍ വെളിച്ചെണ്ണയുടെ വില ഇരട്ടിയാകുകയായിരുന്നു. പൊതുവിപണിയില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 420-430 രൂപയ്ക്കാണ് വില. തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ 340-360 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്.
നാളികേരത്തിന്റെയും കൊപ്രയുടെയും വിലയില്‍ ഉണ്ടായ വർധനവാണ് ഈ വിലപെരുപ്പത്തിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ നാളികേരത്തിന്റെ മൊത്തവില കിലോയ്ക്ക് 71-80 രൂപ വരെയാണ്. ചില്ലറ വില ഇനിയും കൂടുതലാണ്.
കഴിഞ്ഞ ഒക്ടോബറിൽ ലിറ്ററിന് 230 രൂപയായിരുന്ന വെളിച്ചെണ്ണയുടെ മൊത്തവില, ജനുവരി ആരംഭത്തിൽ 225 ആയി കുറഞ്ഞെങ്കിലും മേയ് മുതൽ വീണ്ടും കുതിച്ചു. ഇപ്പോൾ ലിറ്ററിന് 400 കടന്നതോടെ, കുടുംബ ബജറ്റുകൾ, ഹോട്ടൽ, കേറ്ററിങ്, ബേക്കറി രംഗം വരെയുള്ളവയെല്ലാം കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലായി.
കൊപ്ര ക്ഷാമം രൂക്ഷമായതോടെ എണ്ണമില്ലുകളും ഉത്പാദന പ്രതിസന്ധിയിലായി. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരഫെഡില്‍ ഇപ്പോള്‍ ലിറ്ററിന് 419 രൂപയാണ് പരമാവധി വില (MRP). കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നു തവണയാണ് കേരഫെഡ് വില കൂട്ടിയത്. ഒടുവിലായി ഈ മാസം 9ന് വില കൂട്ടിയാണ് ഈ നിരക്ക് നിലവിലായത്.
