മുംബൈ: ഇന്ത്യയിൽ കള്ളക്കടത്ത് വഴി പിടിച്ചെടുക്കുന്ന സ്വർണം ഇനി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കരുതൽ ശേഖരത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ ഇതിനകം 3,400 കിലോ സ്വർണം ആർബിഐയുടെ ശേഖരത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഡൽഹിയിൽ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SPMCIL) പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിടിച്ചെടുത്ത സ്വർണം SPMCIL-ലേക്ക് കൈമാറി അവിടെ ശുദ്ധീകരിക്കുകയും അന്താരാഷ്ട്ര നിലവാരമുള്ള ബുള്ള്യൻ ബിസ്കറ്റുകളായി മാറ്റുകയും ചെയ്യും. പിന്നീട് ഈ ബിസ്കറ്റുകൾ ആർബിഐയുടെ സ്വർണശേഖരത്തിൽ ഉൾപ്പെടുത്തും.
അന്താരാഷ്ട്ര അതിർത്തികളും വിമാനത്താവളങ്ങളും വഴിയുള്ള കള്ളക്കടത്താണ് കൂടുതലായി പിടിയിലാകുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI)യും കസ്റ്റംസ് വകുപ്പും ചേർന്നാണ് ഇത്തരത്തിലുള്ള സ്വർണം പിടിച്ചെടുക്കുന്നത്. കേസുകൾ തീരുമ്പോഴാണ് സ്വർണം SPMCIL-ലേക്ക് കൈമാറുന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 4,869 കിലോ സ്വർണം ഡിആർഐയും കസ്റ്റംസും ചേർന്ന് പിടിച്ചെടുത്തിട്ടുണ്ട്. മുൻകാലങ്ങളിൽ, ഈ സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് ലേലം ചെയ്യുന്നത്. എന്നാൽ ലേലം വഴിയേ സ്വർണം വീണ്ടും വിപണിയിൽ എത്തുന്നത് തടയാൻ, ഇപ്പോൾ അതിനെ ശുദ്ധീകരിച്ച് നേരിട്ട് ആർബിഐയുടെ ശേഖരത്തിലേക്ക് മാറ്റുകയാണ് പുതിയ സമീപനം.
