അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ എത്തിച്ചതിന് ട്രംപിനും മസ്കിനും നന്ദി പറഞ്ഞ് സുനിത വില്യംസും ബുച്ച് വില്‍മറും. ബോയിങ്ങിന്റെ ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍ മൂലം ഒമ്പത് മാസത്തോളം തിരികെ വരാനാകാതെ ബഹിരാകാശ നിലയത്തില്‍ തുടരാന്‍ ഇരുവരും നിര്‍ബന്ധിതരായിരുന്നു. ഒടുവില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് പേടകത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ഇവരെ തിരികെ എത്തിച്ചത്.സംഭവത്തില്‍ ബോയിങ്ങിനെ കുറ്റപ്പെടുത്തുന്ന നിരവധി വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും അതിനോട് ഇതുവരെ ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഫോക്സ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ അക്കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇരുവരും. ബഹിരാകാശ യാത്ര എന്നത് പ്രയാസമേറിയ ഒന്നാണ് എന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. അതുപോലെ തന്നെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ടേറിയതാണെന്നും സുനിതയും വിൽമോറും പറയുന്നു. എന്നാൽ ബഹിരാകാശ യാത്രയില്‍ കുഴപ്പങ്ങളുണ്ടാകാന്‍ കാരണക്കാര്‍ ബോയിങ്ങാണോ എന്ന ചോദ്യത്തിനോട് നേരിട്ട് മറുപടി നല്കാന് ഇരുവരും തയ്യാറായില്ല.
”ചില രീതിയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ കുടുങ്ങിപ്പോവുകയോ ഒറ്റപ്പെടുകയോ ചെയ്തു. പക്ഷെ ആളുകള്‍ അതിനെപ്പറ്റി എന്തൊക്കെ പറയുന്നുവെന്നത് ഞങ്ങളെ സ്വാധീനിച്ചിട്ടില്ല. ഞങ്ങളവിടെ കുടുങ്ങിപ്പോയി, ശരിയാണ്. പ്രതീക്ഷിച്ചതുപോലെ തിരികെ വരാന്‍ സാധിച്ചില്ല. അങ്ങനെ നോക്കിയാല്‍ ഞങ്ങളവിടെ കുടുങ്ങിയെന്ന് പറയാം. പക്ഷെ വിശാലമായി നോക്കിയാല്‍ അങ്ങനെയല്ല, ഞങ്ങള്‍ ആസൂത്രണം ചെയ്യുകയും പരിശീലിക്കുകയും ചെയ്തു”– വില്‍മര്‍ വിശദീകരിച്ചു.
”ഞങ്ങളുടെ ശ്രദ്ധയെന്നത് ഏല്‍പ്പിച്ച കാര്യം നടപ്പാക്കുക എന്നതായിരുന്നു. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകമായിരുന്നു ദൗത്യം. അതിന്റെ ആദ്യത്തെ പരീക്ഷണ പറക്കല്‍. അതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ, പക്ഷെ എന്ത് പ്രതിസന്ധികളും നേരിടാന്‍ പരിശീലനം ലഭിച്ചവരാണ് ഞങ്ങള്‍. ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണികള്‍, ശാസ്ത്രീയ പരീക്ഷണങ്ങള്‍, ബഹിരാകാശ നടത്തം, റോബോട്ടിക് കൈയുടെ പ്രവര്‍ത്തനം അങ്ങനെ എല്ലാം. ഒന്നുകൂടി പറയാം, ഒരുകാര്യം ഉദ്ദേശിക്കുകയും മറ്റൊന്നിന് വേണ്ടി തയ്യാറെടുക്കേണ്ടിവരികയുമെന്നത് ഞങ്ങളെ സംബന്ധിച്ച് അപരിചിതമായ ഒന്നല്ല. ഇങ്ങനെയാണ് ബഹിരാകാശ ദൗത്യങ്ങളൊക്കെ നടക്കുന്നത്. ഇത്തരം പ്രതിസന്ധികളൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെയാണ് മുന്നോട്ടുപോകുന്നത്”.
ഇതൊരു ബുദ്ധിമുട്ടേറിയ സംഗതിയായതിനാല്‍ നമുക്ക് ചിന്തിക്കാവുന്നതിലുമപ്പുറമുള്ള പ്രശ്നങ്ങളെ മുന്‍കൂട്ടി കാണേണ്ടിവരുമെന്നും സുനിത വില്യംസ് വിശദീകരിച്ചു. ഞങ്ങള്‍ക്കും നാസയ്ക്കുള്‍പ്പെടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അതിന്റെ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ ആരെയെങ്കിലും ഒരാളെമാത്രം കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്നും വില്‍മര്‍ പറഞ്ഞു. സംഭവിച്ച കാര്യങ്ങള്‍ പഴിചാരാതെ തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
