എമ്പുരാൻ വീണ്ടും സെൻസർ ചെയ്യും. എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെൻസർ ബോർഡ്. പ്രതിഷേധങ്ങളെ തുടർന്നാണ് സെൻസർ ബോർഡിൻറെ നടപടി. വിവാദ രാഷ്ട്രീയഭാഗം നീക്കുമോ എന്ന് ആകാംക്ഷയിലാണ് പ്രേക്ഷകർ.
വ്യാഴാഴ്ചയായിരുന്നു എമ്പുരാന് തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കുമ്പോഴും ചിത്രത്തിനെതിരെ സംഘപരിവാര്‍ വിമര്‍ശനം തുടരുകയാണ്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.
